കാറ്റിൽ മരങ്ങൾ വീണ്​ വ്യാപക നാശം

ചെറുപുഴ: ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളില്‍ വ്യാപക നാശം. വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണ്​ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. മരങ്ങള്‍ വീണ് പലയിടത്തും ഗതാഗതം സ്തംഭിച്ചു. പ്രാപ്പൊയിലിലും പരിസരങ്ങളിലും കാറ്റടിച്ച് വ്യാപക കൃഷിനാശവുമുണ്ടായി. ചെറുപുഴ സബ്‌സ്​റ്റേഷനില്‍ നിന്ന്​ വൈദ്യുതി വിതരണം ചെയ്യുന്ന 11 കെ.വി ലൈനി​ൻെറ തൂണുകള്‍ കുണ്ടംതടത്തും പാടിയോട്ടുചാല്‍ സെക്​ഷനിലെ അരവഞ്ചാലില്‍ എ.ബി സ്വിച്ച് ഉള്‍െപ്പടെ സ്ഥാപിച്ചിട്ടുള്ള ഡബ്​ള്‍ പോള്‍ സ്ട്രക്ചറും മരങ്ങള്‍ വീണ്​ നശിച്ചതോടെ മലയോരം ഇരുട്ടിലായി. നിരവധി സ്ഥലങ്ങളില്‍ എല്‍.ടി ലൈനിലും മരം വീണ് തൂണുകള്‍ തകർന്നതിനാൽ അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈദ്യുതി ജീവനക്കാര്‍ പരക്കംപാഞ്ഞു. 11 കെ.വി ലൈന്‍ ഭാഗികമായെങ്കിലും ചാര്‍ജ് ചെയ്യാന്‍ ചെറുപുഴ സബ് സ്​റ്റേഷന് സമീപമുള്ള സ്ട്രക്ചര്‍ മാറ്റിസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാരും കരാര്‍ ജീവനക്കാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട കഠിനപ്രയത്‌നമാണ് നടത്തിയത്. ചെറുപുഴ പഞ്ചായത്തിലെ കരോക്കാട്, കുണ്ടംതടം, കുളത്തുവായി, എയ്യന്‍കല്ല്, പ്രാപ്പൊയില്‍, തിരുമേനി തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ക്കും കൃഷികള്‍ക്കും കനത്ത നാശമുണ്ടായി. എയ്യന്‍ കല്ലില്‍ സ്ഥലം പാട്ടത്തിനെടുത്ത്​ കൃഷി ചെയ്യുന്ന വയലില്‍ വിശ്വനാഥ​ൻെറ 400ഓളം നേന്ത്രവാഴ, മരച്ചീനി, ചേന തുടങ്ങിയ വിളകള്‍ നശിച്ചു. കുളത്തുവായിലെ എ. ബാലകൃഷ്ണ​ൻെറ പശുത്തൊഴുത്ത് കനത്ത കാറ്റില്‍ നിലംപൊത്തി. ചെറുപുഴ ടൗണില്‍ കരോക്കാട് ഭാഗത്ത്​ മരം കാറിനു മുകളിൽ ഒടിഞ്ഞുവീണു കേടുപാടുകള്‍ സംഭവിച്ചു. പ്രാപ്പൊയിലിലെ വി.വി. യശോദയുടെ വീടിനു മുകളില്‍ മരം വീണു. മരം പൊട്ടി റോഡില്‍ വീണതിനാല്‍ മിക്കയിടത്തും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.