സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാം -ജോസ് കെ. മാണി

കോട്ടയം: മുന്നണി പ്രവേശനത്തില്‍ സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ജോസ് കെ. മാണി എം.പി. ഓരോ രാഷ്​ട്രീയ പ്രസ്ഥാനത്തിനും അഭിപ്രായങ്ങളും അജണ്ടയും കാണും. അതനുസരിച്ച്​ കാനം രാജേന്ദ്രന്‍ രാഷ്​ട്രീയ അഭിപ്രായം പറയുന്നതില്‍ എന്തു തെറ്റാണുള്ളത്​. ഞങ്ങളുടെ അഭിപ്രായം ഞങ്ങളും പറയും. സ്വതന്ത്ര നിലപാടുമായി മുന്നോട്ട്​ പോകാനാണ്​ കേരള കോൺഗ്രസ്​ തീരുമാനിച്ചിട്ടുള്ളത്​. മുന്നണി പ്രവേശനത്തിൽ ഉചിതസമയത്ത് തീരുമാനമെടുക്കും. എല്ലാവരും കേരള കോണ്‍ഗ്രസിനെ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങളുടെ ശക്തിയെക്കുറിച്ച്​ എല്ലാമുന്നണിക്കും ബോധ്യമുണ്ട്​. ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അടുത്ത ദിവസം ചേരുന്ന സംസ്ഥാന സ്​റ്റിയറിങ്​ കമ്മിറ്റി യോഗത്തില്‍ സംഘടന തീരുമാനങ്ങളും ജനകീയ വിഷയങ്ങളും ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസ് എം അടിത്തറയുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ ലക്ഷ്യം. ജോസഫ് വിഭാഗത്തിലേക്ക് നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നത് നുണപ്രചാരണമാണ്​. കെ.എം. മാണിക്ക് ഒപ്പം ഉണ്ടായിരുന്നവർ എങ്ങോട്ടും പോകില്ല. കോൺഗ്രസുമായി ചർച്ചക്കില്ല. അറുത്തുമാറ്റിയവരുമായി എന്തു​ ചർച്ചയാണ്​ നടത്തേണ്ടത്​. കേരള കോൺഗ്രസ് ചിന്താഗതിയുള്ള പലരുമായും ചർച്ച നടത്തുന്നുണ്ടെന്നും മുൻ എം.എൽ.എമാരും ചർച്ചയുടെ ഭാഗമാണെന്നും ജോസ് കെ. മാണി പറഞ്ഞു. പഞ്ചായത്ത്​ തെരഞ്ഞെടുപ്പാണ്​ നടക്കാനിരിക്കുന്നത്​. അതിനു​ ശേഷമല്ലേ നിയമസഭയെന്നും അദ്ദേഹം ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.