ഷൈബിൻ അഷ്​റഫിന്‍റെ സാമ്പത്തിക ​ഉറവിടവും പരിശോധിക്കും

മലപ്പുറം, കോഴിക്കോട്​, വയനാട്​ ജില്ലകളിലെ ബിസിനസുകളാണ്​ അന്വേഷിക്കുന്നത്​ മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ തട്ടിക്കൊണ്ടുവന്ന്​ ​​കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്​റഫിന്‍റെ സാമ്പത്തിക ​സ്രോതസ്സുകളും അന്വേഷണസംഘം പരിശോധിക്കും. 10 വർഷത്തിനുള്ളിൽ 300 കോടിയോളം രൂപയുടെ സമ്പാദ്യമുണ്ടാക്കിയെന്നാണ്​ പ്രാഥമികാ​ന്വേഷണത്തിൽ വ്യക്തമായത്​​. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലടക്കം ബിനാമി നിക്ഷേപങ്ങളും സംശയിക്കുന്നുണ്ട്​. ഗൾഫിലും നാട്ടിലും വിവിധ ബിസിനസുകളുണ്ടെന്നാണ്​ ഇയാൾ പൊലീസിനോട്​ ​വെളിപ്പെടുത്തിയത്​​. ഗൾഫിലെ ബിസിനസ്​ വിവരങ്ങൾ ഒഴിവാക്കി നാട്ടിൽ എന്തെല്ലാമാണ്​ ചെയ്തിരുന്നത്​ എന്നാണ്​ പരിശോധിക്കുന്നത്​. വിവിധയിടങ്ങളിൽ വൻതുകയുടെ ഭൂമിയിടപാടുകളടക്കം നടന്നതായാണ്​ സംശയിക്കുന്നത്​. ബിസിനസ്​ പങ്കാളിയായിരുന്ന കോഴിക്കോട്​ സ്വദേശി ഹാരിസും മാനേജറായിരുന്ന സ്ത്രീയും ഗൾഫിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിലടക്കം ചോദ്യമുനകൾ നീളുന്നത്​ ഷൈബിനിലേക്കാണ്​​​. സിനിമക്കഥകളെ പോലും ​വെല്ലുന്നതും ആദ്യം മുതൽ അവസാനം വരെ ദുരൂഹത നിറഞ്ഞതുമാണ്​ ഷൈബിന്‍റെ ജീവിതം. സുൽത്താൻ ബത്തേരിയിൽ ​ലോറി ക്ലീനറായും ഓട്ടോ ഡ്രൈവറായും പ്രവർത്തിച്ച കാലത്തു​തന്നെ ചില അടിപിടി കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. 10 വർഷംമുമ്പ്​ ഗൾഫിലേക്ക്​ പോയതോടെയാണ്​ ജീവിതം അടിമുടി മാറിയതും കോടികളുടെ സമ്പാദ്യമുണ്ടാക്കിയതും. ബത്തേരി പുത്തൻകുന്നിൽ ​കോടികൾ ചെലവഴിച്ച്​ കൊട്ടാരമാതൃകയിലുള്ള വീടുപണി ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ഇടക്കിടെ നാട്ടിൽ വന്നുപോകുന്ന ഇയാൾ ഹോൾസെയിൽ തുണിക്കച്ചവടം, കൃഷി ഉ​ൾപ്പെടെ വിവിധ ബിസിനസുകളിലും പണമിറക്കിയിരുന്നു. മാത്രമല്ല, 10 ആഡംബര വാഹനങ്ങളും സ്വന്തമാക്കി. ഗൾഫിൽ ഹൂതി വിമതർക്കടക്കം ഡീസൽ എത്തിച്ചുനൽകി സമ്പാദി​ച്ച​ കോടികളാണ്​ നാട്ടിൽ വിവിധ ബിസിനസുകളിൽ നിക്ഷേപിച്ചത്​ എന്നാണ്​ പൊലീസിന്​ ലഭ്യമായ വിവരം. ഇതുമായി ബന്ധപ്പെട്ട്​ അബൂദബിയിൽ ഇയാൾക്ക്​ വിലക്കുള്ളതായും അറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.