പ്രധാന സഹായിയുടെ വീട്ടിലും പൊലീസ്​ പരിശോധന

നിലമ്പൂർ: മൈസൂരുവിലെ നാട്ടുവൈദ‍്യന്‍റെ കൊലപാതകത്തിലെ മുഖ‍്യ സൂത്രധാരനായ നിലമ്പൂർ സ്വദേശി ഷൈബിൻ അഷ്​റഫിന്‍റെ ബന്ധുവീട്ടിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തി. നിലമ്പൂർ ഇയ്യംമട കൈപ്പഞ്ചേരി നൗഷാദിന്‍റെ വീട്ടിലാണ് പരിശോധന നടന്നത്. ഇയാൾ വിദേശത്താണ്. നൗഷാദിന്‍റെ മകൻ ഫാസിൽ, വൈദ‍്യരുടെ കൊലപാതകത്തിൽ പ്രതിയാണ്. ഇയാൾ ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു ഒരു മണിക്കൂറോളം നീണ്ട പരിശോധന. കൊലപാതകവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ ഫാസിലിന്‍റെ കൈവശമുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു ഇത്​. കുന്ദമംഗലം സ്വദേശി അൻവറിന്‍റെ വീട്ടിൽ സംഘം ചേർന്ന് കവർച്ച നടത്തുന്നതിനിടെ ഫാസിൽ നേരത്തേ പിടിയിലായിരുന്നു. വിദേശത്ത് ദുരൂഹ സാഹചര‍്യത്തിൽ മരിച്ച ഹാരിസുമായി ബന്ധപ്പെട്ട പല രേഖകളും അൻവറിന്‍റെ കൈവശമുണ്ടെന്നറിഞ്ഞ സംഘം ഇത് കൈവശപ്പെടുത്താനാണ് കവർച്ചശ്രമം നടത്തിയത്. ഷൈബിൻ അഷ്​റഫിന്‍റെ മുഖ‍്യ സഹായിയും വലംകൈയുമാണ് ഫാസിലെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.