കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയായ വേങ്ങേരി മേൽപാലം
കോഴിക്കോട്: ആറുവരിപ്പാതയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വേങ്ങേരിയിലെ മേൽപാലത്തിന്റെ രണ്ടാംഘട്ട കോൺക്രീറ്റ് പൂർത്തിയായി. പണി പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ മേൽപാലം തുറന്നുകൊടുക്കും.
ഒരു ഭാഗത്തെ പാലം പണി പൂർത്തിയാക്കി കോഴിക്കോട്-ബാലുശ്ശേരി പാത തുറന്നുകൊടുത്ത ശേഷമാണ് രണ്ടാം ഘട്ട പ്രവൃത്തി ആരംഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടാം വാരത്തോടെയാണ് മേൽപാലത്തിന്റെ ഗർഡറുകൾ സ്ഥാപിച്ചത്. നാലു ദിവസംകൊണ്ട് ഗർഡറുകൾ സ്ഥാപിച്ചിരുന്നു.
45 മീറ്റർ വീതിയിലും 27 മീറ്റർ നീളത്തിലും മേൽപാലം നിർമിക്കുന്നതിനിടെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് നിർമാണം നിർത്തിവെച്ചിരുന്നു.
തടമ്പാട്ടുതാഴം ഭാഗത്തുനിന്ന് 13.5 മീറ്റർ നീളത്തിൽ 45 മീറ്റർ വീതിയിൽ നിർമാണം മുമ്പേ പൂർത്തിയായതാണ്.
പൈപ്പ് മാറ്റാനുള്ള ഭാഗം ഒഴിവാക്കി 11 പില്ലറുകളിൽ നാലെണ്ണത്തിൽ മാത്രമാക്കി 14 മീറ്റർ വീതിയിൽ പാലം നിർമിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് ജപ്പാൻ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചാണ് നിർമാണ പ്രവൃത്തി പുനരാരംഭിച്ചത്. ടാറിങ്ങിനും സമീപന റോഡിന്റെ പ്രവൃത്തിക്കും ശേഷം ഈ മാസം അവസാനത്തോടെ മേൽപാലം പൂർണമായും തുറന്നുകൊടുക്കും.
ഭാവി വികസനം മുൻകൂട്ടി കണ്ട് നിലവിലെ ബാലുശ്ശേരി-കോഴിക്കോട് റോഡിന്റെ ഇരട്ടിയോളം വീതിയിലാണ് മേൽപാലം നിർമിക്കുന്നത്. വേങ്ങേരിയിൽനിന്ന് മലാപ്പറമ്പിലേക്കുള്ള സർവിസ് റോഡിന്റെ പണിയും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.