മനംനിറയെ, വലനിറക്കാൻ ബോട്ടുകൾ കടലിലേക്ക്

ബേപ്പൂർ: 52 ദിവസത്തെ ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ, ഇന്ന് അർധരാത്രി മത്സ്യബന്ധന ബോട്ടുകൾ കടലാഴങ്ങളിലേക്ക് കുതിക്കും. അറ്റകുറ്റപ്പണികള്‍ തീര്‍ത്തും പുതിയ വലകള്‍ നെയ്തെടുത്തും തീരദേശം മത്സ്യബന്ധന വർഷാരംഭത്തിനുള്ള മുന്നൊരുക്കങ്ങൾ ഇതിനകം പൂർത്തിയാക്കി.

ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഫിഷിങ് ഹാർബറിലെ അനുബന്ധ മേഖലകളൊക്കെ പൂർവാധികം സജീവമാകും. അടച്ചിട്ടിരുന്ന ഐസ് ഫാക്ടറികൾ പ്രവർത്തനമാരംഭിച്ചു. ഡീസൽ പമ്പുകൾ, സ്പെയർ പാർട്സ്, പലചരക്ക് സ്ഥാപനങ്ങൾ തുടങ്ങിയവ പുതിയ സീസൺ വരവേൽക്കാനൊരുങ്ങി. അന്തർസംസ്ഥാന മീൻപിടിത്ത ജോലിക്കാർ ഏറെയും എത്തി. തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്നും കുളച്ചലിൽനിന്നും മത്സ്യബന്ധന തൊഴിലാളികൾ പ്രത്യേകം ഏർപ്പാടുചെയ്ത ബസുകളിലാണ് ബേപ്പൂർ ഫിഷിങ് ഹാർബറിൽ എത്തിയത്.

നിരോധനകാലയളവിൽ സമീപത്തെ കരുവൻതിരുത്തിയിലും ബേപ്പൂർ ബി.സി റോഡിന് സമീപത്തെ കക്കാടത്തും ചാലിയാറിലെ വിവിധ സുരക്ഷിത കേന്ദ്രങ്ങളിലും നങ്കൂരമിട്ടിരുന്ന ബോട്ടുകൾ പുത്തൻ രൂപത്തിൽ ബേപ്പൂർ ജെട്ടിയിൽ നിരന്നുകഴിഞ്ഞു.

കേന്ദ്രസർക്കാർ നിയമപ്രകാരം മത്സ്യബന്ധന ബോട്ടുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത കളർ കോഡ് ഹാർബറിന്റെ മനോഹാരിതക്ക് തിളക്കമേകി. ആകാശ നിരീക്ഷണത്തിൽപോലും ഏതു സംസ്ഥാനങ്ങളിലെ ബോട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിയുംവിധമാണ് യാനങ്ങളുടെ കളർ സംവിധാനം. നിരോധന കാലയളവായ ഒന്നരമാസത്തെ ദുരിതങ്ങൾ മത്സ്യത്തൊഴിലാളികൾ മറന്നുകഴിഞ്ഞു. ഇത്തവണ നല്ല കോള് ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ആദ്യ ആഴ്ചകളിൽ നല്ലതോതിൽ കിളിമീനും കണവയും ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. ജൂൺ-ജൂലൈ മാസങ്ങളിലെ മഴയുടെ ഒളിച്ചുകളി കടലിലെ മീൻലഭ്യതയിൽ കുറവുണ്ടാക്കുമോയെന്ന ആശങ്കയുമുണ്ട്. മഴക്കുറവിനാൽ മത്സ്യക്കൂട്ടങ്ങൾ തീരക്കടലിൽനിന്ന് അകന്നുനിൽക്കാൻ സാധ്യതയുണ്ട്. എങ്കിലും, ഇക്കുറി കടലമ്മ വാരിക്കോരിത്തരുമെന്ന പ്രാർഥനയിലും പ്രതീക്ഷയിലുമാണ് ബോട്ടുടമകളും തൊഴിലാളികളും. ബോട്ടുകൾ കടലിൽ പോകുന്നതോടെ മത്സ്യവിപണി സജീവമാകും.

Tags:    
News Summary - trolling ban will end at midnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.