മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും വയറ്റിൽ കത്രിക കുടുങ്ങിയ താമരശ്ശേരി സ്വദേശിനി ഹർഷിന, ആലപ്പുഴ മെഡിക്കൽ കോളജിൽനിന്നും വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫ്

ആരോഗ്യമന്ത്രി വരും... സമഗ്ര അന്വേഷണം, റിപ്പോർട്ട് തേടൽ, കൂടെയുണ്ട് തുടങ്ങിയ സ്ഥിരം നാടകങ്ങളുമായി... -രൂക്ഷ വിമർശനവുമായി ഹർഷിന

കോഴിക്കോട്: അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയായ ആലപ്പുഴ അമ്പലപ്പുഴയിലെ 59കാരി ഉഷാ ജോസഫിന്‍റെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ താമരശ്ശേരി സ്വദേശിനി ഹർഷിന. വാർത്ത കേട്ടപ്പോൾ അറിയാതെ വയറിൽ കൈവെച്ച് പോയെന്ന് ഹർഷിന ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും ഹർഷിന രൂക്ഷ വിമർശനമുന്നയിച്ചു.

‘വാർത്ത കേട്ടപ്പോൾ അറിയാതെ ഞാനെന്‍റെ വയറിൽ കൈവെച്ച് പോയി... ഞെട്ടിപ്പിടഞ്ഞ ഒരു വേദന... അതേ അവസ്ഥയിൽ... ഓർക്കാൻ വയ്യ... സിസ്റ്റത്തിന്‍റെ അടുത്ത ഇര. ഉടൻ ആരോഗ്യമന്ത്രി വരും, സമഗ്ര അന്വേഷണം, റിപ്പോർട്ട് തേടൽ, കൂടെയുണ്ട് തുടങ്ങിയ സ്ഥിരം നാടകങ്ങളുമായി...’ -എന്നാണ് ഹർഷിന ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം, ഹർഷിന വീണ്ടും സമരത്തിന്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കും. നീതി തേടിയാണ് സമരമെന്ന് ഹർഷിന സമരസമിതി പറഞ്ഞു.

ഉഷയെ അമൃത ആശുപത്രിയിലെത്തിച്ചു

വയറ്റില്‍ കത്രിക കുടങ്ങിയെന്ന് കണ്ടെത്തിയ അമ്പലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫിനെ തുടർചികിത്സക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.സി വേണുഗോപാൽ എം.പി ഇടപെട്ടാണ് തുടർചികിത്സക്കായി സൗകര്യം ഒരുക്കിയത്. ഉഷയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനക്ക് ശേഷം തുടർചികിത്സയെ കുറിച്ചും കത്രിക നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയെക്കുറിച്ചും തീരുമാനമെടുക്കും.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മെയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ അടുത്ത് ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയോ കാരണം കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചത്. അവിടെനിന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനകൾ കുറിച്ച് നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്‌.

രോഗിയോട് ഉടൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിച്ചു. അടുത്ത ദിവസം തന്നെ ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷാ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ ബന്ധുക്കളാണ് വിവരം പുറത്തുവിട്ടത്. പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - Harshina FB note about medical negligence at Alappuzha medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.