ഇ​ജാ​സ്, ജം​ഷീ​ദ്

ജിംനേഷ്യത്തിന്റെ മറവിൽ എം.ഡി.എം.എ വിൽപന; മൂന്നു പേർ അറസ്റ്റിൽ

കോഴിക്കോട്: ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരിയും കഞ്ചാവും വിൽപന. പന്നിയങ്കര പൊലീസ് സ്റ്റേഷൻപരിധിയിലെ ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ നിന്നാണ് വിൽപനക്കായി സൂക്ഷിച്ച 228.31 ഗ്രാം എം.ഡി.എം.എയും 37.320 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിൽപനയിലൂടെ നേടിയ 41,830 രൂപയും പിടികൂടിയത്. ജിംനേഷ്യം നടത്തിപ്പുകാരായ ബേപ്പൂർ പൂന്നാർവളപ്പ് കോഴിക്കോടൻ വീട്ടിൽ ജംഷീദ് (40), ബേപ്പൂർ മതിലകത്ത് മസ്കറ്റ് നിവാസിൽ എം.കെ. ഇജാസ് (36), ഫറോക്ക് ചുങ്കം ഹരിത നഗറിൽ താമസിക്കുന്ന ബേപ്പൂർ മേലേത്തൊടി അധികാരി വീട്ടിൽ അർഷാദ് (32) എന്നിവരെ സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് പിടികൂടിയത്.

ശനിയാഴ്ച പുലർച്ച പന്നിയങ്കര പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കപ്പക്കൽ റോഡിലുള്ള ബാക്ക് ടു ഫിറ്റ് ജിംനേഷ്യത്തിൽ പൊലീസ് പരിശോധനക്കായി എത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിപ്പോകാൻ ശ്രമിച്ച പ്രതികളെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. മൂന്നു പേരെയും പരിശോധിച്ചപ്പോൾ മൂന്നു പേരുടെയും പാന്റ്സിന്റെ പോക്കറ്റിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുക്കുകയും ജംഷീദിന്റെ പോക്കറ്റിൽ നിന്നും 41,830 രൂപയും 37.320 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. തുടർന്ന് ജിമ്മിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ്, ടി മാതൃകയിലുളള ഗ്ലാസ് പൈപ്പ്, ഗ്യാസ് ലൈറ്റർ, പേപ്പർ കുഴൽ, പ്ലാസ്റ്റിക് കുഴൽ എന്നിവയും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ത്രാസ് എന്നിവയും പൊലീസ് കണ്ടെടുത്തു.

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന് ഡാൻസാഫ് സംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിനിടെ വിൽപ്പനക്കായുള്ള മയക്കുമരുന്ന് ജിമ്മിൽ എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്ന് എം.ഡി.എം.എയും ഒഡിഷയിൽ നിന്നും ഇടനിലക്കാർ മുഖേന എത്തിക്കുന്ന കഞ്ചാവും പ്രതികൾ ഒത്തുചേർന്ന് ജിം തുടങ്ങുന്നതിന് മുമ്പ് അതിരാവിലെ ചെറു പാക്കറ്റുകളിലാക്കി ജിമ്മിൽ വ്യായാമത്തിനായി വരുന്ന ആവശ്യക്കാരായ വിദ്യാർഥികൾക്കും യുവതീയുവാക്കൾക്കും നൽകിയിരുന്നു.

കൂടാതെ, ജിമ്മിന്റെ മറവിൽ ബേപ്പൂർ, പയ്യാനക്കൽ, കല്ലായി, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ യുവാക്കൾക്കും മൊത്തമായും ചില്ലറയായും വിൽപന നടത്തിവരുകയായിരുന്നു. പ്രതികൾ മയക്കുമരുന്ന് വിൽപനയിലൂടെ ലഭിക്കുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാട ജീവിതത്തിനുമായാണ് ഉപയോഗിച്ചിരുന്നതെന്നും പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരുകയാണെന്നും ഇവർ ആരിൽനിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആർക്കെല്ലാമാണ് വിൽക്കുന്നതെന്നും നിരീക്ഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ജംഷീദ് 2025 ജൂലൈയിൽ കണ്ണഞ്ചേരി ജങ്ഷനു സമീപംവെച്ച് മൂന്ന് കത്തികളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് പൈപ്പുകളും മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ് എന്നിവയുമായി കാറില്‍വെച്ച് പന്നിയങ്കര പൊലീസിന്റെ പിടിയിലായിരുന്നു.

ജംഷീദ് തിരുനെല്ലി പൊലീസ് സ്റ്റേഷനില്‍ തോൽപ്പെട്ടി-കാട്ടിക്കുളം റോഡിൽ ബസ് തടഞ്ഞുനിർത്തി ഒരു കോടി 40 ലക്ഷ രൂപ കവര്‍ച്ച നടത്തിയതിനും ജംഷീദിനെതിരെ കേസ് ഉണ്ട്. അര്‍ഷാദിന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ബേപ്പൂർ പൊലീസിന്റെ പിടിയിലായിരുന്നു. ചെറുവണ്ണൂർ മധുരബസാറില്‍ വെച്ച് വില്‍പനക്കായി സൂക്ഷിച്ച 50.450 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായതിന് നല്ലളം പൊലീസിലും കേസുണ്ടായിരുന്നു. പന്നിയങ്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഇ. അബ്ദുൽ മുനീർ, നിജ, അസി. സബ് ഇൻസ്പെക്ടർ സുനിൽ കുമാർ, ഷിജു, സിവിൽ പൊലീസ് ഓഫിസർ ബിനീഷ്, ഹോംഗാർഡ് വിജീഷ്, ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് ഇടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അഖിലേഷ്, സി.പി.ഒമാരായ സുനോജ്, ശ്രീശാന്ത്, അഭിജിത്ത്, അതുൽ, സരുൺ, തൗഫീക്ക്, മുഹമ്മദ് മഷൂര്‍, ദിനീഷ് എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Three arrested for selling MDMA under the guise of a gymnasium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.