കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്ന് വിതരണക്കാരുടെ സമരം 20 ദിവസം പിന്നിട്ടതോടെ ന്യായവില മെഡിക്കൽ ഷോപ്പ് അടച്ചു പൂട്ടലിന്റെ വക്കിൽ. കമ്പനികൾ നേരിട്ട് വിതരണം ചെയ്യുന്ന ഏതാനും മരുന്നുകളും നേരത്തെ സ്റ്റോക്ക് ഉണ്ടായിരുന്ന ചില മരുന്നുകളും സിറിഞ്ചുമായി 10 ശതമാനം സ്റ്റോക്ക് മാത്രമാണ് ന്യായവില മെഡിക്കൽ ഷോപ്പിൽ ഉള്ളത്.
അതുകൂടി കഴിഞ്ഞാൽ ന്യായവില മെഡിക്കൽ ഷോപ്പിന്റെ പ്രവർത്തനം തന്നെ വൈകാതെ നിർത്തേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ. മരുന്ന് തേടിയെത്തുന്നവരെ ഷീട്ടിൽ സീൽ അടിച്ച് കാരുണ്യ, എച്ച്.എൽ.എൽ സ്റ്റോറുകളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഭൂരിഭാഗം മരുന്നുകളും രോഗികൾ പുറത്തുന്നിന് വാങ്ങേണ്ടി വരികയാണ്.
അത്യാഹിത വിഭാഗത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് മരുന്നുകൾ വാങ്ങാൻ പുറത്ത് പോവണം.
ശസ്ത്രക്രിയകൾക്ക് ആവശ്യമായ കിറ്റുകളും ഇഞ്ചക്ഷനുകളെല്ലാം നേരത്തെ തീർന്നിരുന്നു. ഓർത്തോ കിറ്റ്, സർജിക്കൽ കിറ്റ്, പ്രോസ്റ്റേറ്റ് കിറ്റ്, സ്റ്റോൺ കിറ്റ് എന്നിങ്ങനെയുള്ള സർജറി കിറ്റുകൾ ന്യായവില മെഡിക്കൽ ഷോപ്പിലിലില്ല.
ഇവിടെ നിന്നു ലഭിക്കുന്ന ഷീട്ടുമായി കരുണ്യ ഫാർമസിയിൽ എത്തിയാലും മരുന്ന് ലഭിക്കാത്ത അവസ്ഥയാണ്. ഡയാലിസിസ് ഫ്ലൂയിഡ് അടക്കമുള്ളവ പരിമിതമായ സ്റ്റോക്ക് മാത്രമാണ് കെ.എം.എസ്.സി.എൽ വഴി കാരുണ്യ ഫാർമസിയിൽ എത്തുന്നത്. അതിനാൽ ആവശ്യക്കാരിൽ ഭൂരിഭാഗത്തിനും ഇതു ലഭിക്കുന്നില്ല . ബുധനാഴ്ചയും ഫ്ലൂയിഡ് ലഭിക്കാതെ മടങ്ങേണ്ടി വന്നതായി എത്തിയ രോഗിയുടെ ബന്ധുക്കൾ പറഞ്ഞു.
ന്യായ വില മെഡിക്കൽ ഷോപ്പിലേക്കു മരുന്നും ശസ്ത്രക്രിയക്കുള്ള സാധനങ്ങളും നൽകിയ വകയിൽ 80 കോടി രൂപ കുടിശ്ശികയായതിനാൽ കഴിഞ്ഞ 10 മുതലാണ് വിതരണക്കാർ വിതരണം നിർത്തിയത്. ഒമ്പത് മാസത്തെ കുടിശ്ശിക ലഭിക്കാനുണ്ടായിരുന്ന വിതരണക്കാർക്ക് ഒന്നര മാസത്തെ പണം മാത്രമാണ് നികത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.