കാലാവസ്ഥ വ്യതിയാനം കടലുണ്ടി കമ്യൂണിറ്റി റിസർവിന് ഭീഷണിയെന്ന് പഠന റിപ്പോർട്ട്

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവായ കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ നിലനിൽപിനെ കാലാവസ്ഥ വ്യതിയാനം ഗുരുതരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനവും വ്യവസായവത്കരണവും തീവ്രകൃഷിയുമാണ് കമ്യൂണിറ്റി റിസർവിന് ഭീഷണിയാകുന്നതെന്നും റിപ്പോർട്ട്. മലയാളികൾ അടക്കമുള്ള ഒരുകൂട്ടം ഗവേഷകരുടെ പഠന റിപ്പോർട്ടിലാണ് കടലുണ്ടിയുടെ ഭാവിയെക്കുറിച്ച് ആശങ്കയുണർത്തുന്ന വെളിപ്പെടുത്തലുകൾ.

ഈ പ്രദേശത്തെ മണ്ണിന്റെയും ജലത്തിന്റെയും നിലവാരം ഗുരുതരമായ ഭീഷണിയാണ് നേരിടുന്നത്. കമ്യൂണിറ്റി റിസർവിലെ കണ്ടൽകാടുകൾ, മൺതിട്ടകളും, ചളിതീരവും കേന്ദ്രീകരിച്ച് 2010 ജനുവരി മുതൽ സാമ്പിളുകൾ ശേഖരിച്ച് വിവിധ ഘട്ടങ്ങളിലുണ്ടായ മാറ്റങ്ങൾ വിശകലനം ചെയ്താണ് ഗവേഷണ റിപ്പോർട്ട് തയാറാക്കിയത്. കണ്ടൽക്കാടുകൾക്കിടയിലും മൺതിട്ടകളിലും ചളിതീരങ്ങളിലും കളിമണ്ണിന്റെ അളവ് ഓരോ വർഷവും ഗണ്യമായി കുറയുന്നുണ്ട്.

കൂടാതെ മണ്ണിന്റെയും ജലത്തിന്റെയും പി.എച്ച് മൂല്യത്തിലും കുറവ് അനുഭവപ്പെടുന്നു. നൈട്രേറ്റുകളുടെയും ഓർഗാനിക് കാർബണിന്റെയും അളവ് കുറയുന്നത് ജല ജീവികളുടെ നിലനിൽപിനെ ബാധിക്കുകയും ഇവയെ ആഹരിച്ച് ജീവിക്കുന്ന ദേശാടനപക്ഷികളുടെ വരവിനെയും ജീവനെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നുമാണ് കണ്ടെത്തൽ.

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരായ കെ.എ. റുബീന, കെ.എം. ആരിഫ് എന്നീ മലയാളികളും അയ്മൻ നെഫ്‍ല (തുനീഷ്യ), സമ അൽ മഅറൂഫി (കാനഡ), ദുർഗ റാവു ഗിജ്ജപ്പ (സൗദി അറേബ്യ), ഒമർ ആർ. റേഷി (സൗദി അറേബ്യ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം മറൈൻ പൊലൂഷൻ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് സുപ്രധാനമായ കണ്ടെത്തലുകൾ.

Tags:    
News Summary - Study report that climate change is a threat to Kadalundy Community Reserve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.