കോഴിക്കോട്: കേരളത്തിൽ മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതി പദ്ധതികളും പുതിയ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ 70ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിലവിൽ കെ.എസ്.ഇ.ബി അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് അനാവശ്യ ചെലവുകൾ ഒഴിവാക്കി കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയകാലത്തെ ഊർജ മേഖലയിലെ സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ സാധ്യതകൾ’ സെമിനാർ മുൻ ഡി.എം.ആർ.സി മേധാവി ഡോ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ഓരോ വീടുകളിലും മറ്റിടങ്ങളിലും വൈദ്യുതി എത്തിക്കുക എന്ന ഉത്തരവാദിത്തം കെ.എസ്.ഇ.ബി ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും ലക്ഷ്യമിടുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എൻജിനീയർമാർ ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സുനിൽ അധ്യക്ഷത വഹിച്ചു.
എം.കെ. രാഘവൻ എം.പി, ജനറൽ സെക്രട്ടറി ഗീത, സാബു ടി. ജോസഫ്, കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. ഡോ. ഇ. മുഹമ്മദ് ഷെരീഫ്, റെജികുമാർ പിള്ള, ലൈജു, ഐ.പി. നായർ, ഡോ. നിമൽ മധു എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.