താമരശ്ശേരി: റവന്യൂ ജില്ല സ്പെഷൽ സ്കൂൾ കലോത്സവം ‘ചിറക് 2025’ കട്ടിപ്പാറ കാരുണ്യതീരം കാമ്പസിൽ നടന്നു. ജില്ലയിലെ 22 സ്പെഷൽ സ്കൂളുകളിൽ നിന്നുള്ള 246 ഭിന്നശേഷി വിദ്യാർഥികൾ മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, ചിത്രരചന, പെയിന്റിങ്, ഉപകരണസംഗീതം തുടങ്ങിയ മത്സരങ്ങളിൽ കഴിവു തെളിയിച്ചു. ചിത്രരചന മുതൽ മിമിക്രിയും ഭരതനാട്യവും വരെ ഭിന്നശേഷി കുട്ടികൾ മികവോടെ അവതരിപ്പിച്ചത് സദസ്സിന് നവ്യാനുഭവമായി.
കലോത്സവം അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പ്രേംജി ജെയിംസ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സന്തോഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് മോയത്ത്, ഡി.ഇ.ഒ സുബൈർ, എ.ഇ.ഒ പൗളി മാത്യു, സിനിമ താരം പ്രദീപ് ബാലൻ, ഹസീബ് പൂനൂർ, ഡോ. ബഷീർ പൂനൂർ, സമദ് പാണ്ടിക്കൽ, ടി.എം. താലിസ്, രാജൻ തെക്കയിൽ, അബ്ദുൽ ഹക്കീം, കെ. അബ്ദുൽ മജീദ്, ഡോ. ഇസ്മായിൽ മുജദ്ദിതി തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ. ഷമീർ ബാവ സ്വാഗതവും ഐ.പി. മുഹമ്മദ് നവാസ് നന്ദിയും പറഞ്ഞു.
സ്പെഷൽ സ്കൂളുകളിലെ തൊഴിൽ യൂനിറ്റുകളിൽ നിർമിക്കുന്ന ഉൽപന്നങ്ങളുടെ വിപണന സ്റ്റാളുകൾ, നാഷനൽ ട്രസ്റ്റ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ ഹെൽപ് ഡെസ്കുകൾ എന്നിവയും കലോത്സവ വേദിയിൽ പ്രവർത്തിച്ചു. കലോത്സവത്തിൽ പുറക്കാട് ശാന്തി സദനം സ്കൂൾ ഫോർ ഡിഫറന്റ്ലി ഏബിൾഡ് ഓവറോൾ ചാമ്പ്യൻഷിപ് നേടി. കൊയിലാണ്ടി നെസ്റ്റ് സ്പെഷൽ സ്കൂൾ റണ്ണറപ്പും കുറ്റ്യാടി തണൽ കരുണ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.