കോഴിക്കോട്: ഓടകൾ മരണക്കെണിയാവുന്നതും നിറഞ്ഞുകവിഞ്ഞ് അപകടങ്ങളുണ്ടാവുന്നതും നഗരത്തിൽ ആദ്യ സംഭവമല്ല. ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറാവുന്നില്ല. കനത്തമഴയിൽ റോഡരികിലെ ബസ് സ്റ്റോപ്പിൽ കയറിനിൽക്കുന്നതിനിടെയാണ് കാൽവഴുതി കോവൂർ സ്വദേശി ശശി കഴിഞ്ഞ ദിവസം ഓടയിൽ വീണ് മരിച്ചത്. ഓടക്ക് കൈവരിയോ സ്ലാബോ ഇല്ലാത്തതാണ് അപകടത്തിനിടയാക്കിയത്.
13 വർഷം മുമ്പ് റെയിൽവേ സ്റ്റേഷന് സമീപം പി.വി.എസ് ആശുപത്രി ജങ്ഷനിൽ ഓവുചാലിൽ വീണ് കിണാശ്ശേരി മനാരി വീട്ടിൽ ആയിഷബി (60) മരിച്ചിരുന്നു. ശക്തമായ മഴയിൽ പി.വി.എസ് ആശുപത്രി ജങ്ഷനിൽ കാൽ വഴുതി വീണ ആയിഷബിയെ റെയിൽവേ ട്രാക്കും മറികടന്ന് ഓട കടലിൽ ചേരുന്ന ഭാഗത്തുനിന്നായിരുന്നു കണ്ടെത്തിയത്.
2016ൽ പടിഞ്ഞാറെ മാങ്കാവിൽ ബൈപ്പാസിൽ തുറന്നുകിടക്കുന്ന ഓടയിൽ വീണ് കുഴിപ്പള്ളി തിരുനെല്ലി വീട്ടിൽ മനംകുളങ്ങര ശശീന്ദ്രൻ (55) മരിച്ചിരുന്നു. 2017ൽ കോട്ടൂളിയിൽ തുറന്നിട്ട ഓടയിൽ വീണാണ് പാചകത്തൊഴിലാളിയായ കോട്ടൂളി പുതിയാറമ്പത്ത് സതീശൻ എന്ന കുഞ്ഞൻ (48) മരിച്ചത്. കോട്ടൂളിയിൽനിന്ന് സിവിൽ സ്റ്റേഷനിലേക്ക് പോവുന്ന കെ.ടി. ഗോപാലൻ റോഡിലെ കരിമ്പനത്താഴത്തായിരുന്നു അപകടം. അതിന് മുമ്പ് മാവൂർ റോഡിലെ ഓടയിൽ വീണ് ദിവാകരൻ എന്ന പൊലീസുകാരനും മരിച്ചിരുന്നു.
കൈവരി കാത്ത്
നഗരത്തിൽ പല ഭാഗങ്ങളിലും ഓടകൾ മൂടാതെ കിടക്കുന്നുണ്ട്. കൈവരിയില്ലാത്തതും പൂർണമായും സ്ലാബിട്ട് മൂടാത്തതുമായ ഓവുചാലുകളാണ് ഭീഷണിയായുള്ളത്. ചെമ്പോട്ടിത്തെരുവ് അടക്കം നഗരത്തിൽ തിരക്കേറിയ പല പോക്കറ്റ് റോഡുകളുടെയും ഓടകൾ മൂടാതെ കിടക്കുകയാണ്. കോർപറേഷനിൽ എലത്തൂരിലെ മാട്ടുവയൽ തോട്, അഴീക്കൽ തോട്, മാങ്കാവിലെ മഞ്ചക്കതോട്, മൂന്നാലിങ്കൽ ഭാഗത്തുകൂടെ ഒഴുകുന്ന ആവിക്കൽതോട്, കിണാശ്ശേരിയിലെ ചാലിൽ തോട്, ഫ്രാൻസിസ് റോഡ് മനന്തലതോട്, ചക്കുംകടവിലെ കുനിയിൽ തോട്, നടക്കാവ് കളരിക്കൽക്കണ്ടി തോട്, ഇരിങ്ങാടൻപള്ളി എടന്തോട്ടിൽ തോട് എന്നിവയെല്ലാം പാതയോരത്തിനോട് ചേർന്നുള്ളതാണെങ്കിലും സ്ലാബിട്ട് മൂടുകയോ കൈവരി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
നിരവധി തവണ ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. റോഡിന് സമാന്തരമായാണ് പലയിടങ്ങളിലും തോട് ഒഴുകുന്നത്. മഴക്കാലത്ത് ശക്തമായ ഒഴുക്കുള്ള തോടുകളാണിവ. രാത്രി വെളിച്ചമില്ലാത്തതും ഓടകളുടെ സമീപം കാടുകയറിയതും പലപ്പോഴും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. തോടുകൾക്ക് പുറമേ നഗരത്തിലെ പല ഓടകളും സ്ലാബിട്ട് മൂടാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ശാശ്വത പരിഹാരം വേണം
നഗരത്തിലെ പ്രധാന ഓടകൾ ഏത് ഭാഗങ്ങളിലേക്കാണ് ഒഴുകുന്നത് എന്നത് സംബന്ധിച്ച് കൃത്യമായി വിവരംപോലും ഇപ്പോൾ ലഭ്യമല്ല. മലിനജലം ഒഴുക്കുന്നതിന് സമഗ്ര പാക്കേജ് പ്ലാൻ ഉണ്ടാക്കണം എന്ന് ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
ഓടകളിൽ പ്ലാസ്റ്റിക് കുപ്പികൾ നിറയുന്നതും ഭീഷണിയാണ്. കോഴിക്കോട് മാവൂർ റോഡിലെ ഓടകളിൽ കുപ്പികൾ നിറഞ്ഞത് ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരുന്നു. ഓടകളിൽനിന്ന് മണ്ണ് നീക്കുന്ന പ്രവൃത്തികളും കാര്യക്ഷമമായി നടപ്പാക്കാറില്ല. എന്നാൽ, നഗരത്തിലെ ഓടകളുടെ നവീകരണം ഘട്ടം ഘട്ടമായി പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജൻ അറിയിച്ചു. നഗരപരിധിയിലെ ഓടകൾ അടക്കമുള്ളവയുടെ ഡിജിറ്റൽ സർവേ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട്: കോവൂരിൽ ദാരുണ മരണത്തിന് ഇടയാക്കിയത് കോവൂർ-പലാഴി റോഡിൽ മഴക്കാലത്ത് കുത്തിയൊഴുകുന്ന ഓടക്ക് കൈവരി സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യം അധികൃതർ അവഗണിച്ചത്. കോവൂരിൽനിന്ന് രണ്ടര കിലോ മീറ്റർ ദൂരത്തിൽ അഞ്ച് അടിയിലധികം താഴ്ചയിലുള്ള ഓടക്ക് ഒരിടത്തും കൈവരി സ്ഥാപിച്ചിട്ടില്ല. മെഡിക്കൽ കോളജ്, കോവൂർ, ചേവായൂർ തുടങ്ങി ഉയർന്ന സ്ഥലങ്ങളിൽനിന്ന് വെള്ളം കുത്തിയൊലിച്ചെത്തുന്ന ഓടയിൽ അതിശക്തമായ ഒഴുക്കാണ് മഴക്കാലത്ത് അനുഭവപ്പെടുന്നത്.
10 വർഷം മുമ്പ് പൊതുമരാമത്ത് വിഭാഗമാണ് റോഡ് നവീകരിച്ചത്. അന്ന് മുതൽ നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഓടക്ക് കൈവരി സ്ഥാപിക്കാൻ തയാറായിട്ടില്ലെന്ന് കൗൺസിലർ ടി. സുരേഷ് പറഞ്ഞു. അഹ്മദ് ദേവർകോവിൽ എം.എൽ.എ ഇടപെട്ട് 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ എട്ട് മീറ്റർ വീതിയുള്ള റോഡ് 15 മീറ്ററിൽ വീതി കൂട്ടുന്നതാണ് പദ്ധതി. ഇതിന്റെ സ്ഥലം ഏറ്റെടുക്കൽ പ്രവൃത്തി പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.