അരയിടത്തുപാലത്തിന് സമീപം നടക്കുന്ന നഴ്സുമാരുടെ രാപ്പകൽ സമരം
കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ രാപ്പകൽ സമരം തുടരുന്നു. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) നേതൃത്വത്തിൽ വെള്ളിയാഴ്ച മുതലാണ് രാപ്പകൽ സമരം തുടങ്ങിയത്. ഒരുമാസം മുമ്പ് നഴ്സുമാർ ശമ്പളവർധന ആവശ്യപ്പെട്ട് നടത്തിവന്നിരുന്ന സമരം ഹൈകോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. അതിനുശേഷവും ശമ്പളക്കാര്യത്തിൽ പുരോഗതിയുണ്ടാകാതെ വന്നതോടെ സമരം പുനരാരംഭിച്ചു. അതിനിടെ ചില ആശുപത്രി മാനേജ്മെന്റുകൾ ശമ്പളവർധനക്ക് തയാറാവുകയും ചെയ്തു.
നിലവിൽ മെയ്ത്ര, ബേബി മെമ്മോറിയൽ ആശുപത്രിയിലെ നഴ്സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. ആസ്റ്റർ മിംസിലെ നഴ്സുമാരുമായി മാനേജ്മെൻറ് ചർച്ചക്ക് തയാറായിരുന്നു. ശമ്പളം വർധിപ്പിക്കാമെന്ന ധാരണയിൽ അവർ സമരം അവസാനിപ്പിച്ചതായി യു.എൻ.എ ഭാരവാഹികൾ അറിയിച്ചു. ബേബി മെമ്മോറിയൽ, മെയ്ത്ര ആശുപത്രി മാനേജ്മെന്റുകൾ ഇതുവരെ ചർച്ചക്ക് തയാറായിട്ടില്ല.
മാത്രമല്ല, ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളിൽനിന്ന് നഴ്സിങ് കോഴ്സ് കഴിഞ്ഞവർക്ക് വലിയ ശമ്പളവും താമസവും ഭക്ഷണവുമടക്കം വാഗ്ദാനം നൽകി കൊണ്ടുവന്ന് സമരം പൊളിക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. സമരം ഈ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ, ചികിത്സ മുടങ്ങിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.