കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ പടക്കളത്തിലിറങ്ങാൻ എല്ലാ ഒരുക്കങ്ങളും നടത്തി ജില്ലയിലെ മുന്നണികൾ. ഇടതു വലതുമുന്നണികൾ അരയും തലയും മുറുക്കുമ്പോൾ ബി.ജെ.പിയും ആഞ്ഞുപിടിക്കാൻതന്നെയാണ് ഒരുങ്ങുന്നത്. ചരിത്രപരമായി പ്രധാന പാർട്ടികൾക്ക് അടിവേരുള്ള ജില്ലയാണ് കോഴിക്കോട്. തദ്ദേശതെരഞ്ഞെടുപ്പുകളിൽ തീപാറും പോരാട്ടം നടക്കാറുണ്ടെങ്കിലും ഇടതുമുന്നണിയാണ് ജില്ലയിൽ നേട്ടം കൊയ്യാറുള്ളത്.
പതിവിൽനിന്ന് വിഭിന്നമായി സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടായ ശേഷമുള്ള ആദ്യ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ഭരണവിരുദ്ധവികാരം പരമാവധി ആളിക്കത്തിക്കുന്ന പരിപാടികളുമായി പ്രതിപക്ഷമുന്നണി ഫീൽഡിൽ ഉണ്ട്. അതിനെ മറികടക്കാൻ സർക്കാർതല പ്രചാരണപരിപാടികളും ഇടതുമുന്നണിയുടെ പരിപാടികളും സജീവമാണ്. 2020ലെ മുന്നണി സംവിധാനങ്ങളിൽ ഒരു മാറ്റവും വന്നിട്ടില്ല.വോട്ടർ പട്ടിക ഒരുവട്ടംകൂടി പുതുക്കാൻ അവസരമുള്ളതിനാൽ വിട്ടുപോയവരെ പരമാവധി ചേർക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തുണ്ട്. വോട്ട് ചേർക്കുന്നതിൽ യു.ഡി.എഫ് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉണർന്നു പ്രവർത്തിച്ചുവെന്നാണ് നേതാക്കളുടെ വിലയിരുത്തൽ.ഗൃഹപാഠം നന്നായി ചെയ്യാതെ തെരഞ്ഞെടുപ്പടുക്കുമ്പോൾ ആരവം ഉണ്ടാക്കിയതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് യു.ഡി.എഫ് നേതൃത്വം താഴെ തട്ടിലേക്ക് നൽകിയ നിർദേശം.
ഓരോ വാർഡിലും ‘വോട്ടേഴ്സ് മീറ്റു’കൾ നടത്തിവരുകയാണ് യു.ഡി.എഫ്. ഒപ്പം ഭരണമുള്ളിടങ്ങളിൽ നേട്ടങ്ങൾ നിരത്തിയും പ്രതിപക്ഷത്തിരിക്കുന്നിടങ്ങളിൽ കോട്ടങ്ങൾ നിരത്തിയും ജാഥകൾ നടത്തുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ നിർമാണ പെർമിറ്റുകൾക്ക് ഏർപ്പെടുത്തിയ വൻ ഫീസ് ഇത്തവണ പ്രധാന വിഷയമാവും. മദ്യഷാപ്പുകൾക്ക് ലൈസൻസ് അനുവദിക്കാൻ പഞ്ചായത്തുകൾക്കുണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞതുൾപ്പെടെ പ്രധാന പ്രചാരണായുധങ്ങൾ യു.ഡി.എഫ് തയാറാക്കുന്നുണ്ട്.എൽ.ഡി.എഫ് ആകട്ടെ നാട്ടിൻപുറങ്ങളിൽ വികസന സന്ദേശ ജാഥകൾ നടത്തിവരുകയാണ്. ഭവനപദ്ധതികളും ക്ഷേമ പെൻഷനുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ സേവനവും എടുത്തുപറഞ്ഞാണ് പ്രചാരണം. സംവരണ വാർഡുകളിലേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞാലുടൻ സീറ്റ് വിഭജന ചർച്ചയിലേക്ക് കടക്കുമെന്ന് ഇരുമുന്നണി നേതാക്കളും വ്യക്തമാക്കുന്നു. ബി.ജെ.പി 2020 ലേതിനേക്കാൾ നേട്ടമുണ്ടാക്കുന്നതിനായി നേരത്തേ രംഗത്തിറങ്ങിയിട്ടുണ്ട്.
യു.ഡി.എഫിനെ വെട്ടുന്നതിന് വേണ്ടി നടത്തിയ വാർഡ് വിഭജനം പലയിടങ്ങളിലും ബി.ജെ.പിജക്ക് അനുകൂലമായി എന്ന വിലയിരുത്തലുണ്ട്. ബി.ജെ.പി-സി.പി.എം കുട്ടുകെട്ടിന്റെ ഉദാഹരണമായാണ് ഇതിനെ യു.ഡി.എഫ് പ്രചരിപ്പിക്കുന്നത്. ജില്ലയിൽ ഏഴ് മുനിസിപ്പാലിറ്റികളിലായി 273 വാർഡുകളും കോഴിക്കോട് കോർപറേഷനിൽ 76 വാർഡുകളം 70 ഗ്രാമപഞ്ചായത്തുകളിൽ 1342 വാർഡുകളുമാണുള്ളത്. മൊത്തം 1691വാർഡുകൾ. ജില്ല പഞ്ചായത്തിൽ 27 ഡിവിഷനുകളുണ്ട്. 12 ബ്ലോക്ക് പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്. 1975 ന് ശേഷം കോഴിക്കോട് കോർപറേഷൻ ഇടതുമുന്നണിയുടെ മാത്രം ഭരണത്തിലാണ്. ഇത്തവണയെങ്കിലും കോർപറേഷൻ പിടിച്ചടക്കൽ യു.ഡി.എഫിന്റെ അഭിമാന പ്രശ്നമാണ്. 2010ൽ ബേപ്പൂർ, എലത്തൂർ പഞ്ചായത്തുകളെ കോർപറേഷനിലേക്ക് കൂട്ടിച്ചേർത്തതാണ് ഭരണം പിടിച്ചടക്കുന്നതിന് യു.ഡി.എഫിന് തടസ്സമായത്. നിലവിൽ ഏഴിൽ നാല് മുനിസിപ്പാലിറ്റികൾ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ജില്ല പഞ്ചായത്തിൽ ഒരിക്കൽ പോലും യൂ.ഡി.എഫിന് ഭരണത്തിലേറാനായിട്ടില്ല. ഗ്രാമ പഞ്ചായത്ത് തലങ്ങളിലും ബ്ലോക്കിലും ജില്ലയിൽ എന്നും എൽ.ഡി.എഫ് ആധിപത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.