ഞെളിയൻപറമ്പ്
കോഴിക്കോട്: ഞെളിയൻപറമ്പിൽ ഖരമാലിന്യ സംസ്കരണ പ്ലാന്റും വെസ്റ്റ് ഹില്ലിൽ മലിനജല സംസ്കരണ പ്ലാന്റും നിർമിക്കുന്നതിന് കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി. തിങ്കളാഴ്ച ചേർന്ന പ്രത്യേക കൗൺസിലിലാണ് തീരുമാനം. ഞെളിയൻപറമ്പിൽ ഭാരത് പെട്രോളിയം കോർപറേഷനാണ് (ബി.പി.സി.എൽ) സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പണിയുക. ഇക്കാര്യമറിയിച്ച് കമ്പനി കത്ത് നൽകി. ദിവസം 150 ടൺ ജൈവമാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റ് രണ്ട് കൊല്ലംകൊണ്ട് പണിയും. ഇതിന് എട്ടേക്കർ സ്ഥലം 20 കൊല്ലത്തേക്ക് ലീസിന് വിട്ടുകൊടുക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. നേരത്തേ ഞെളിയൻ പറമ്പിൽ മാലിന്യത്തിൽനിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതി ഏറ്റെടുത്ത കമ്പനിക്ക് സമയത്തിന് നടപ്പാക്കാനാകാത്തതിനാൽ റദ്ദാക്കിയിരുന്നു.
കേന്ദ്ര സഹായത്തോടെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വെസ്റ്റ്ഹില്ലിൽ 15 എം.എൽ.ഡിയുടെ മാലിനജല പ്ലാന്റ് നിർമിക്കുന്നത്. പ്ലാന്റ് പണിയാൻ 54.5 കോടിയുടെ കരാറാണ് നൽകുക. ഇത് ഏഴുകൊല്ലം പ്രവർത്തിപ്പിക്കാനുള്ള 9.67 കോടിയടക്കം 64.17 കോടിയുടെ കരാർ നൽകുന്ന കാര്യം പരിഗണനയിലാണ്. 97 സെന്റ് സ്ഥലത്ത് പ്ലാന്റിന്റെ രൂപരേഖയുണ്ടാക്കി നിർമിച്ച് പ്രവർത്തിപ്പിക്കുന്നതിനാണ് കരാർ നൽകുക.
നഗരസഭയിലെ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട 32 ഭൂരഹിത- ഭവനരഹിത കുടുംബങ്ങൾക്ക് കല്ലുത്താൻ കടവിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ഒഴിവുള്ള യൂനിറ്റുകൾ അനുവദിക്കും. ഭവന പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുന്നതിന് വാർഡ് തലത്തിൽ കമ്മിറ്റി രൂപവത്കരിക്കും. ആധുനിക സജ്ജീകരണങ്ങളോടെ മത്സ്യ വിപണന കേന്ദ്രം പണിയുന്നതിന് സെൻട്രൽ മാർക്കറ്റിലെ സ്ഥലം തീരദേശ വികസന കോർപറേഷന് കൈമാറാനും തീരുമാനമായി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഴക് വേസ്റ്റ് ബിന്നുകളിൽ വീട്ടിലെ മാലിന്യങ്ങൾ തള്ളുന്നവർക്ക് ഇനി പണികിട്ടും. ഇത്തരക്കാരെ നിരീക്ഷിക്കാൻ ഷാഡോ ടീമിനെ നിയോഗിക്കും. പിടികൂടുക മാത്രല്ല, മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസിൽ മൂന്ന് മണിക്കൂറെങ്കിലും ഇരുത്തുകയും ചെയ്യും. വീട്ടിൽ ഉറവിട മാലിന്യ സംസ്കരണത്തിനുള്ള സംവിധാനം സ്ഥാപിച്ചുവെന്ന് ഉറപ്പാക്കുമെന്നും ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അറിയിച്ചു.
പ്രതിപക്ഷ അംഗം എസ്.കെ. അബൂബക്കറാണ് അഴക് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വേസ്റ്റ് ബിന്നുകളിൽ വീടുകളിലെ മാലിന്യം നിക്ഷേപിച്ച് വൃത്തിഹീനമാക്കുന്ന കാര്യം കൗൺസിലിന്റെ ശ്രദ്ധയിൽപെടുത്തിയത്. ഡയപ്പർ വരെ ഇതിൽ നിക്ഷേപിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബിന്നുകൾക്ക് സമീപം മലയാളത്തിൽ ബോർഡ് വെക്കണമെന്ന് മേയർ ഡോ. ബീന ഫിലിപ് നിർദേശിച്ചു. നഗരത്തിലെത്തുന്ന യാത്രക്കാർ വലിച്ചെറിയുന്ന ജൈവ, അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് സ്ഥാപിച്ച വേസ്റ്റ് ബിന്നുകളാണ് നഗരവാസികൾ ദുരുപയോഗം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.