കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡുകൾ വെട്ടിപ്പൊളിക്കുന്നതിനെതിരെ വടിയെടുത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ റോഡ് കുഴിക്കരുതെന്ന് അദ്ദേഹം നിർദേശം നൽകി. മികച്ച രീതിയില്‍ പണി പൂര്‍ത്തിയാക്കിയ റോഡുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ കുഴിക്കുന്നത്. ഏതു വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കുഴിക്കല്‍ നടപടിയെന്ന് കലക്ടര്‍ പരിശോധിക്കണം. കലക്ടറുടെ മുന്‍കൂര്‍ അനുമതിയോ വകുപ്പുകള്‍ തമ്മിലുള്ള ധാരണയോ ഇല്ലാതെ റോഡ് കുഴിക്കാന്‍ പാടില്ലെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ മന്ത്രി നിർദേശിച്ചു.
വിഷയത്തില്‍ വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി കലക്ടര്‍ അടിയന്തര യോഗം ചേരണം. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപടി കൈക്കൊള്ളണം. കുടിവെള്ള പ്രശ്നം പോലെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്കി മാത്രം റോഡ് കുഴിക്കാന്‍ അനുമതി നല്കിയാല് മതിയെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞ മന്ത്രിസഭ യോഗത്തില്‍ ഓരോ മണ്ഡലത്തിനും പരമാവധി ഏഴു കോടി വീതം അനുവദിച്ചിട്ടുണ്ട്.
അടുത്ത വികസന സമിതി യോഗം മുതല്‍ പ്രത്യേക അജണ്ടയായി ഉള്‍പ്പെടുത്തി ഈ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. നാടിന്റെ പുരോഗതി മുന്‍നിര്‍ത്തി ഓരോ മണ്ഡലത്തിലും എം.എൽ.എമാര്‍ പ്രാധാന്യപൂർവം ശ്രദ്ധയില്‍പ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്കി സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം കലക്ടര്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
മാനാഞ്ചിറ -വെള്ളിമാടുകുന്ന് റോഡിന്റെ സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കി പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കണം. മീഞ്ചന്ത പാലം ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണം. കാലവർഷം നേരിടുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കണം. ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ ഒട്ടേറെ റോഡുകള്‍ ജില്ലയിലുമുണ്ട്.
യോഗത്തില്‍ എം.എൽ.എമാരായ ടി.പി. രാമകൃഷ്ണന്, തോട്ടത്തില്‍ രവീന്ദ്രന്, പി.ടി.എ. റഹീം, ഇ.കെ. വിജയന്, ലിന്റോ ജോസഫ്, കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ സി.പി. സുധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.