കോഴിക്കോട്: മരുന്നില്ലാതെ ശീട്ടിൽ സീൽ അടിച്ചുകൊടുക്കുന്ന ന്യായവില മെഡിക്കൽ ഷോപ്, ഇംപ്ലാന്റുകൾ ലഭിക്കാതെ രോഗികൾ ഒഴിഞ്ഞ ഓർത്തോ വാർഡുകൾ, തിരക്കൊഴിഞ്ഞ ഓപറേഷൻ തിയറ്ററുകൾ, സ്റ്റൻഡില്ലാതെ പ്രവർത്തനം മുടങ്ങിയ ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രഫി യൂനിറ്റ്, ഡയലൈസർ ലഭിക്കാതെ വട്ടം കറങ്ങുന്ന ഡയാലിസിസ് യൂനിറ്റ്.... ഒരു അടിയന്തര ചികിത്സക്കുള്ള സഹായം കാത്തുകിടക്കുയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി.
ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പിലേക്കും സർജിക്കൽ ഷോപ്പിലും മരുന്നും ഉപകരണങ്ങളും ലഭിക്കാതെ ചികിത്സ മുടങ്ങി രോഗികൾ ദുരിതംപേറുമ്പോഴും അധികൃതർ നിസ്സംഗരായി നോക്കിനിൽക്കുന്നു. അടിയന്തര ശസ്ത്രക്രിയകൾക്കുള്ള ഇംപ്ലാന്റുകളുടെ വിതരണം വരെ നിലച്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ പുറത്തുനിന്ന് പണംമുടക്കി മരുന്നും ഉപകരണങ്ങളും വാങ്ങിനൽകിയാലേ ശസ്ത്രക്രിയകൾ നടക്കുകയുള്ളു. ചികിത്സക്ക് ഇൻഷുറൻസ് ആനുകൂല്യം പ്രതീക്ഷിച്ചെത്തുന്ന പാവപ്പെട്ട മനുഷ്യരാണ് ഏറെ പ്രയാസപ്പെടുന്നത്.
കുടിശ്ശിക 80 കോടി കടന്നതോടെ ജനുവരി 10 മുതലാണ് വിതരണക്കാർ ന്യായവില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്ന് വിതരണം നിർത്തിയത്. കാൻസർ, ഡയാലിസിസ്, കാർഡിയോളജി മരുന്നുകൾക്ക് കടുത്ത ക്ഷാമമാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്. ഇതോടെ കാരുണ്യ ഇൻഷുറൻസ് വഴിയുള്ള ചികിത്സ മുടങ്ങി. പ്രതിഷേധവും വിമർശനവും ശക്തമായതോടെ കാരുണ്യ ഫാർമസി വഴി ഇൻഷുറൻസ് വിഭാഗത്തിനുള്ള 155 ഇനം മരുന്ന് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലപ്രദമായില്ല. നാമമാത്രമായ സ്റ്റോക്ക് മാത്രമാണ് കെ.എം.എസ്.സി.എൽ വഴി കാരുണ്യ ഫാർമസിയിൽ എത്തിയത്. ഇതിനിടെ കുടിശ്ശിക ആറു കോടി കടന്ന് ഡിജിറ്റൽ സബ്സ്ട്രാക്ഷൻ ആൻജിയോഗ്രഫി യൂനിറ്റ് പ്രവർത്തനം തടസ്സപ്പെട്ടു.
തൊട്ടടുത്ത ദിവസം തന്നെ സർജിക്കൽ ഇംപ്ലാന്റ് വിതരണവും നിർത്തി. ഇംപ്ലാന്റുകൾ ഇല്ലാത്തതിനാൽ ഓർത്തോ വാർഡിൽ ശസ്ത്രക്രിയ കാത്തിരുന്ന രോഗികൾ ഡിസ്ചാർജ് ചെയ്തു മടങ്ങി. ന്യായവില മെഡിക്കൽ ഷോപ്പിൽ ലഭിക്കാത്ത മരുന്നു പുറത്ത് മിൽമ ബൂത്തിനടുത്തുള്ള ആശുപത്രി വികസന സമിതിയുടെ ഫാർമസിയിലേക്കും അവിടെയും ലഭ്യമല്ലെങ്കിൽ കാരുണ്യ ഫാർമസിയിലേക്കും അവിടെനിന്നും കിട്ടാത്ത മരുന്നുകൾ എച്ച്.എൽ.എൽ ഫാർമസിയിലേക്കും ഇവിടങ്ങളിലൊന്നും ലഭ്യമല്ലെങ്കിൽ പുറത്ത് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിലേക്കുമാണ് ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള മരുന്നിന് ശീട്ട് നൽകുക.
ആദ്യഘട്ടത്തിൽ നീതി മെഡിക്കൽ സ്റ്റോർ ഇൻഷുറൻസ് ഇനത്തിൽ മരുന്ന് വിതരണം ചെയ്തെങ്കിലും ഇപ്പോൾ ലഭിക്കുന്നില്ലെന്ന് രോഗികൾ പറഞ്ഞു. കുടിശ്ശിക കൂടിയതോടെ എച്ച്.എൽ.എല്ലും ഇൻഷുറൻസുകാർക്കുള്ള മരുന്ന് വിതരണത്തിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതായാണ് വിവരം. വിവിധ ആരോഗ്യ ഇൻഷുറൻസ് വഴി ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽനിന്ന് 225 കോടി രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളജിന് ലഭിക്കാനുള്ളത്. ഇത് ലഭിക്കാത്തതാണ് ഏജസികൾക്ക് കുടിശ്ശിക കുന്നുകൂടാൻ ഇടയാക്കുന്നത്.എന്നാൽ, മറ്റ് ജില്ലകളിലും കുടിശ്ശികയുണ്ടെന്നും കോഴിക്കോട് മാത്രം എന്തിനാണ് വിതരണക്കാരുടെ സമരമെന്നുമുള്ള നിഷേധാത്മക നിലപാടാണ് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഇതിനിടെ ചികിത്സകിട്ടാതെ പ്രയാസപ്പെടുകയാണ് സാധാരണക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.