പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ
കുന്ദമംഗലം: ചാത്തമംഗലം പൊതുജന വായനശാലയുടെ വളർച്ചക്ക് ജീവിതം സമർപ്പിച്ച പി. ദാമോദരൻ നമ്പീശൻ മാസ്റ്റർ ഇനി ജ്വലിക്കുന്ന ഓർമ. 1964 മുതൽ 2014 വരെ 50 വർഷം ചാത്തമംഗലം പൊതുജന വായനശാല സെക്രട്ടറിയായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഗ്രന്ഥശാല സംഘം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുമ്പോൾ സംസ്ഥാന കൗൺസിലറായും താലൂക്ക് കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചു. 1962ൽ പുള്ളനൂർ ജി.എൽ.പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 25 വർഷക്കാലം ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി. 1997ൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരി പേരശനൂർ ഗവ. ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചു. 1989-91 കാലത്ത് സമ്പൂർണ സാക്ഷരത പദ്ധതിയിൽ അസിസ്റ്റൻറ് പ്രോജക്ട് ഓഫിസറായി ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിൽ സേവനമനുഷ്ഠിച്ചു. ജനകീയാസൂത്രണത്തിൽ പഞ്ചായത്ത് കോഓഡിനേറ്ററായും പ്രവർത്തിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പു.ക.സ, കെ.എസ്.ടി.എ, കെ.എസ്.എസ്.പി.യുവിലും സജീവമായിരുന്നു.
വൻ ജനാവലിയാണ് വീട്ടിൽ എത്തിച്ചേർന്നത്. ഭൗതികദേഹം ചടങ്ങുകളൊന്നുമില്ലാതെ സംസ്കരിച്ചു. അനുശോചന യോഗത്തിൽ ജില്ല ലൈബ്രറി കൗൺസിൽ എക്സി. അംഗം എ. ഗംഗാധരൻ നായർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി. സുരേന്ദ്രനാഥൻ, ജില്ല ലൈബ്രറി കൗൺസിൽ അംഗം ഗോപാലകൃഷ്ണൻ ചൂലൂർ, പഞ്ചായത്ത് അംഗങ്ങളായ എം.കെ. അജീഷ്, ഷീസ സുനിൽ കുമാർ, വിദ്യുൽ ലത, പി.സി. വാസുദേവൻ നായർ, ഇ. വിനോദ് കുമാർ, ചൂലൂർ നാരായണൻ, ടി. സുബ്രഹ്മണ്യൻ, ടി.കെ. സുധാകരൻ, കെ. ഭരതൻ, കെ. നാസർ, എ.സി. സുരേന്ദ്രൻ, മനോമോഹനൻ, അബൂബക്കർ, സി. പ്രേമൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഷാജു കുനിയിൽ അധ്യക്ഷത വഹിച്ചു. വി. മനോജ് കുമാർ സ്വാഗതവും എ.പി. മുരളീധരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.