ന​വീ​ക​രി​ക്കു​ന്ന മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡ്

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: ഭൂമി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കവെ നടന്ന തട്ടിപ്പിലും അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം. പരാതികളെ തുടർന്ന് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ നിർദേശം വന്നതോടെയാണ് വിശദാന്വേഷണം തുടങ്ങുന്നത്.

സർക്കാർ ഉത്തരവ് ലഭിക്കുന്ന മുറക്ക് വിജിലൻസ് കോഴിക്കോട് യൂനിറ്റാണ് അന്വേഷണം നടത്തുക. മാനാഞ്ചിറ മുതൽ വെള്ളിമാടുകുന്നുവരെ എട്ടു കിലോമീറ്റർ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതാണ് സർക്കാർ പദ്ധതി. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കവെയാണ് വിജിലൻസ് അന്വേഷണം.

റോഡിനുള്ള ഭൂമി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുത്തതിന്റെ മറവിലാണ് അഴിമതി ആരോപണമുയർന്നത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് ലാൻഡ് അക്വിസിഷൻ തഹസിൽദാർ ഓഫിസിലെ ജീവനക്കാരുടെ ഒത്താശയിൽ ചില വ്യാജ രേഖകളുണ്ടാക്കി കൃത്രിമങ്ങൾ നടക്കുകയും ചിലർ ഭൂവുടമകളിൽനിന്ന് കമീഷൻ കൈപ്പറ്റിയെന്നുമായിരുന്നു ആരോപണം.

വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ സ്‍പെഷൽ തഹസിൽദാർ, സ്‍പെഷൽ റവന്യൂ ഇൻസ്‍പെക്ടർ, റവന്യൂ ഇൻസ്‍പെക്ടർമാർ, സർവേയർമാർ, വാല്വേഷൻ അസിസ്റ്റന്റുമാർ തുടങ്ങിയവരുടെ ഗുരുതര കൃത്യവിലോപം വെളിവായിരുന്നു.

യഥാർഥത്തിൽ ആവശ്യമായതിലുമധികം ഭൂമി വാങ്ങി അനർഹമായി നഷ്ടപരിഹാരം നൽകി, ഇടറോഡുകളും പുറമ്പോക്ക് സ്ഥലങ്ങളുമടക്കം രേഖയിൽ കാണിച്ച് ഭൂവുടമകൾക്ക് അളന്നുനൽകുകയും ഇതുവഴി സർക്കാറിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു എന്നെല്ലാമാണ് വിജിലൻസ് കണ്ടെത്തിയത്.

വേങ്ങേരി വില്ലേജിൽ പുറമ്പോക്ക് ഭൂമികൂടി ഉൾപ്പെടുത്തി ഭൂവുടമക്ക് 13.02 ലക്ഷം രൂപയും ചേവായൂർ വില്ലേജിൽ രണ്ട് ആധാരങ്ങളിലായി ഭൂമി അധികം ഏറ്റെടുത്ത് 1.15 ലക്ഷം കൈമാറി നഷ്ടമുണ്ടാക്കി. മാത്രമല്ല ചേവായൂർ വില്ലേജിലെതന്നെ വിവിധ സർവേ നമ്പറുകളിലുള്ള ഒമ്പത് ആധാരങ്ങളിൽ ഭൂമിയുടെ അളവ് കൂട്ടിക്കാണിച്ച് രജിസ്ട്രേഷൻ നടത്തിയും സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നിങ്ങനെയായിരുന്നു വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ടിലുള്ളത്.

സർക്കാറിന് അരക്കോടിയിലധികം നഷ്ടമുണ്ടാക്കിയെന്നും ചൂണ്ടിക്കാണിച്ചിരുന്നു. സർക്കാർ ഓഫിസുകളിലുൾപ്പെടെ പരിശോധന നടത്തിയശേഷം, തട്ടിപ്പിൽ വിശദാന്വേഷണം വേണമെന്ന് കാട്ടി 2021 നവംബറിലാണ് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ റിപ്പോർട്ടിൽ ഏറെക്കാലം തുടർനടപടിയൊന്നും ഉണ്ടായില്ല.

എന്നാലിതിനിടെ ഭൂമി ഏറ്റെടുക്കലിൽ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്ത് കടുത്ത ശിക്ഷനടപടി സ്വീകരിക്കണമെന്ന് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് സർക്കാർതലത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറങ്ങിയത്.

നേരത്തേയും സമാന ആരോപണങ്ങളിൽ വിജിലൻസ് കേസെടുത്തിരുന്നു. 2006നും 2011നുമിടയിൽ പൊതുമരാമത്ത് അസി. എക്സി. എൻജിനീയർ, അസി. എൻജിനീയർ എന്നിവർ കെട്ടിടമുടമയുമായി ഗൂഢാലോചന നടത്തി കെട്ടിടത്തിന് കൂടുതൽ കാഴ്ച കിട്ടാൻ 24 മീറ്റർ നിശ്ചയിച്ച റോഡിന്റെ വീതി 28.4 മീറ്ററായി കൂട്ടിക്കൊടുത്ത് സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്. എന്നാൽ കെട്ടിടമുടമ അടക്കമുള്ളവരെ വിജിലൻസ് കോടതി പിന്നീട് കുറ്റമുക്തരാക്കി.

Tags:    
News Summary - Mananchira-Vellimadukunnu road development-Vigilance investigate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.