മലയാളി വിദ്യാർഥികൾ നാട്ടിലേക്കു മടങ്ങാനായി ജമ്മു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ
കോഴിക്കോട്: ‘സാഹചര്യങ്ങൾ മാറിയത് പെട്ടെന്നായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടോടെ പെട്ടെന്ന് കടകളെല്ലാം അടച്ചു, വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ബയ്യമാർ പറഞ്ഞതു പ്രകാരം ഞങ്ങൾ ഉടൻ താമസിക്കുന്ന മുറിയിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആകാശത്ത് മിസൈലുകൾ മിന്നിമറയുന്നതുകണ്ടു.
ചെറുതെങ്കിലും ഭീതിദമായ ശബ്ദം. ഞങ്ങൾക്ക് ഭയമായി. അന്ന് രാത്രി ഉറക്കംവന്നില്ല’ -ഇന്ത്യ-പാക് അതിർത്തിയിൽ ഷെൽവർഷം തുടങ്ങിയതോടെ പരിഭ്രാന്തരായി നാട്ടിലേക്കു മടങ്ങുന്ന ജമ്മു കേന്ദ്ര സർവകലാശാലയിലെ മലയാളി വിദ്യാർഥി സംഘത്തിലെ കോഴിക്കോട് സ്വദേശിനി അന്ന ഫാത്തിമ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചത് നടുക്കത്തോടെയാണ്.
സാംബ ജില്ലയിൽ ജക്കിലാണ് ഇവർ താമസിക്കുന്നത്. ഓപറേഷൻ സിന്ദൂർ തുടങ്ങിയ ശേഷം സർവകലാശാലയിൽ ഈ മാസം എട്ടിന് തുടങ്ങേണ്ട പരീക്ഷകളെല്ലാം 26ലേക്ക് നീട്ടിയിരുന്നു. എങ്കിലും നാട്ടിലെത്തി തിരികെയെത്തൽ പ്രയാസമായതിനാൽ ജമ്മുവിൽതന്നെ തങ്ങാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ, എട്ടാം തീയതി പെട്ടെന്നാണ് സാഹചര്യം മാറിയത്.
രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടതും കടകളെല്ലാം അടച്ചതും. താമസസ്ഥലത്തെത്തിയ ശേഷം പുലർച്ചെവരെ ഹുങ്കാര ശബ്ദവും മിസൈലുകൾ മിന്നിമറിയുന്നതും കണ്ടു. വാർത്തകളിൽ മാത്രം കേട്ടുപരിചയമുള്ള സാഹചര്യം കൺമുന്നിലെത്തിയതോടെ ആകെ പരിഭ്രാന്തരാവുകയായിരുന്നു ഇവർ.
സൈനികരായ ബന്ധുക്കളിൽനിന്ന് ജാഗ്രത നിർദേശം ലഭിച്ചിരുന്നു. എന്നാൽ, ഇത്രത്തോളമെത്തുമെന്ന് കരുതിയിരുന്നില്ലെന്നും അന്ന പറഞ്ഞു. ആകാശത്തുകൂടെ മിസൈലുകൾ പോവുന്നത് കണ്ടപ്പോൾ അവ ഏതു നിമിഷവും എവിടെയും പതിക്കാമെന്ന ആശങ്കയിലായിരുന്നു എല്ലാവരും. പിന്നീട് അന്നയുടെ നേതൃത്വത്തിൽ 40ഓളം മലയാളി വിദ്യാർഥികൾ സംഘടിച്ച് രാവിലെ 10.45ന് ജമ്മുവിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന സ്പെഷൽ ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചു. അന്ന് ഉച്ചക്ക് ഒന്നോടെയാണ് ട്രെയിൻ എത്തിയത്. രാത്രി പതിനൊന്നോടെ ഡൽഹിയിലെത്തി. ഇവരിൽ 32 പേർ സുർജിത് ഭവനിലും സന്തോഷ് കുമാർ എം.പി ഏർപ്പാടാക്കിയ ക്വാർട്ടേഴ്സിലുമായി കഴിയുകയാണ്.
പഞ്ചാബ്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഡൽഹിയിൽ എത്തിയിട്ടുണ്ട്. ജമ്മുവിൽ കൂട്ടുകാരുടെ വീടിനടുത്ത് മിസൈലുകൾ വീണതായി അറിയാൻ കഴിഞ്ഞു. നേരത്തെ ജമ്മുവിൽ സ്ഥിതി പൊതുവേ ശാന്തമായിരുന്നു. രാത്രി 10നുശേഷം പുറത്തിറങ്ങി നടക്കരുതെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു. കശ്മീരികൾ വളരെ നല്ല ആളുകളാണ്. സാമൂഹമാധ്യമങ്ങളിൽ കശ്മീരികൾക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ കാണുമ്പോൾ സങ്കടം തോന്നും. ഇപ്പോൾ സുരക്ഷിത ഇടത്തിലെത്തിയപ്പോൾ, കശ്മീരിലെയും ജമ്മുവിലെയും ബയ്യമാരുടെ സുരക്ഷയാണ് തങ്ങളെ ആശങ്കാകുലരാക്കുന്നതെന്ന് അന്ന പറയുന്നു.
കേരള ഹൗസുമായി ബന്ധപ്പെട്ട് എത്രയും വേഗം നാട്ടിലെത്താനുള്ള ശ്രമത്തിലാണ് ഇവർ. ജമ്മു സർവകലാശാലയിൽ മാസ് കമ്യൂണിക്കേഷൻ രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ് നടുവണ്ണൂർ- കരുവണ്ണൂർ സ്വദേശിയായ അന്ന. ഇന്ത്യ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്രയും വേഗം നാട്ടിലെത്താനാണ് ഇവരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.