കോഴിക്കോട്: പാമ്പുകടി ചികിത്സയിൽ ഏറെ മുന്നേറി കോഴിക്കോട് മെഡിക്കൽ കോളജ്. കഴിഞ്ഞ വർഷം പാമ്പു കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 108 പേരിൽ 102 പേരെയും ഡോക്ടർമാർക്ക് രക്ഷപ്പെടുത്താനായി.വൈകിയെത്തിച്ച ആറു പേർക്ക് മാത്രമാണ് മരണം സംഭവിച്ചത്. പാമ്പുകടിയേറ്റ് വൈകാതെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ. കടിയേറ്റെത്തിയ പലരും ഗുരുതരാവസ്ഥയിലായിരുന്നു. യഥാസമയം മതിയായ ചികിത്സ നൽകിയാണ് ഇവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
പാമ്പു കടിയേൽക്കുന്നവരെ മറ്റെവിടേക്കും കൊണ്ടുപോകാതെ വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടതെന്ന് മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. പി. ജയേഷ് കുമാർ പറഞ്ഞു.പാമ്പിനെ പിടിക്കാൻ ശ്രമിക്കരുത്. പാമ്പിന്റെ ഫോട്ടോ എടുക്കുന്നത് അതിനെ തിരിച്ചറിയാനും അതുപ്രകാരം ചികിത്സ നൽകാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാമ്പു കടിയേൽക്കുന്നവരുടെ ചികിത്സക്കായി പ്രത്യേക തീവ്രപരിചരണ വിഭാഗം മെഡിക്കൽ കോളജിലുണ്ട്. ചികിത്സക്കെത്തുന്നവർക്ക് പോളിവാലന്റ് ആന്റിവെനമാണ് നൽകുന്നത്.കടിയേറ്റവരുടെ രക്തം പരിശോധിച്ചും രോഗലക്ഷണങ്ങൾ നോക്കിയും കടിയേറ്റ പാമ്പിനെ തിരിച്ചറിയാനാകും. മൂർഖൻ, ശംഖുവരയൻ, ചുരുട്ട, അണലി, രക്തഅണലി തുടങ്ങിയവയുടെ കടിയേറ്റാണ് ഏറെപേരും എത്തുന്നത്.
ഈയിടെയായി പിറ്റ്വൈപ്പറിന്റെ (സുഷിര അണലി) കടിയേൽക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അതിൽ ഹമ്പ്നോസിഡ് പിറ്റ്വൈപ്പറിന്റെ കടിയേറ്റ് ഏറെ പേർ ചികിത്സതേടുന്നുണ്ട്. ഇതിന് ആന്റിവെനം ലഭ്യമല്ല. ഈ മേഖലയിൽ ധാരാളം ഗവേഷണങ്ങളും ഗവ. മെഡിക്കൽ കോളജിൽ നടക്കുന്നതായും ഡോക്ടർമാർ പറഞ്ഞു.
ചൂടുകാലത്ത് പാമ്പ് അടക്കമുള്ള ഇഴജന്തുക്കൾ പുറത്തിറങ്ങുന്നത് പതിവാണ്. ചൂടിനെ പ്രതിരോധിക്കാൻ തണുപ്പുള്ള സ്ഥലങ്ങൾ തേടിയാണ് പാമ്പുകൾ പുറത്തിറങ്ങുന്നത്. ശുചിമുറികൾ, വീട്ടിനകത്തെ റൂമുകൾ, ചെടിച്ചട്ടികൾ തുടങ്ങി വീട്ടിലും പരിസരത്തും തണുപ്പുള്ള എവിടെയും പാമ്പ് എത്തിപ്പെടാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇവയുടെ കടിയേൽക്കാതെ ശ്രദ്ധിക്കണം. വീട്ടിന് സമീപമുള്ള പൊത്തുകൾ, മാളങ്ങൾ എന്നിവ അടക്കണം. നിർത്തിയിടുന്ന വാഹനങ്ങളിലും പുറത്ത് അഴിച്ചുവെക്കുന്ന ഷൂസുകളിലും പാമ്പ് പതിയിരിക്കാൻ സാധ്യതയുണ്ട്.
ജനലുകൾ തുറന്നിടുന്നത് ഒഴിവാക്കണം. വീട്ടുപരിസരത്ത് ചിരട്ട, ചകിരി, പാമ്പിന് പതിയിരിക്കാൻ സൗകര്യപ്രദമായ രീതിയിൽ മറ്റ് വസ്തുക്കളും മാലിന്യങ്ങളും കൂട്ടിയിടുന്നതും ഒഴിവാക്കണം. പാമ്പിനെ കണ്ടാൽ സ്വയം പിടികൂടാൻ ശ്രമിക്കരുത്. ഇതിന് വിദഗ്ധ പരിശീലനം ലഭിച്ചവരുടെ സഹായം തേടണം. പാമ്പുകടിയേറ്റാൽ പ്രഥമിക ചികിത്സ നൽകി ഉടൻ ആശുപത്രിയിലെത്തിക്കാനും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.