കോഴിക്കോട്: അമൃത് പദ്ധതിയിൽ കോർപറേഷൻ നിർമിക്കുന്ന ആദ്യത്തെ രണ്ട് മലിനജല സംസ്കരണ പ്ലാന്റുകളുടെ നിർമാണം ഈ വർഷം തീരുമെന്ന് പ്രതീക്ഷ.
നിർമാണ കാലാവധി കഴിഞ്ഞതിനാൽ നിർത്തിവെച്ചിരുന്ന മെഡിക്കൽ കോളജിലെ പ്ലാന്റുകളുടെ നിർമാണമാണ് അടുത്ത ദിവസം പുനരാരംഭിക്കുക. ഈ വർഷം ഡിസംബർ വരെ നിർമാണ കാലാവധി നീട്ടിക്കൊടുക്കാൻ നഗരസഭ തീരുമാനിച്ചതോടെയാണിത്.
മെഡിക്കൽ കോളജ്, ആവിക്കൽ, കോതി എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി മലിനജല സംസ്കരണ പ്ലാന്റ് പണിയാൻ തീരുമാനിച്ചത്. ഇവക്ക് കരാർ ആവുകയും ചെയ്തു. ഇതിൽ ആവിക്കൽ, കോതി എന്നിവിടങ്ങളിലെ പ്ലാന്റ് നിർമാണം പരിസരവാസികളുടെ എതിർപ്പ് കാരണം തുടങ്ങാനായില്ല. മെഡിക്കൽ കോളജ് ഹോസ്റ്റലിനടുത്ത് രണ്ടു ലക്ഷം ലിറ്ററിന്റെയും നഴ്സിങ് കോളജിന് സമീപം ഒരുലക്ഷം ലിറ്ററിന്റെയും പ്ലാന്റുകളാണ് നിർമിക്കുന്നത്. ഇതിൽ രണ്ടു ലക്ഷം ലിറ്ററിന്റെ പ്ലാന്റ് പണിയാണ് ഏറെ മുന്നോട്ടു പോയത്. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പണി 90 ശതമാനവും തീർന്നിട്ടുണ്ട്. മെഡിക്കൽ കോളജിൽ നിലവിലുള്ള പ്ലാന്റിനേക്കാൾ മികച്ച സാങ്കേതികവിദ്യയിലുള്ളതാണ് പുതിയ പ്ലാന്റെന്ന് സീറോ വേസ്റ്റ് മെഡിക്കൽ കോളജ് പദ്ധതി കോഓഡിനേറ്റർ സത്യൻ മായനാട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.