കെ. ദാസൻ വോട്ടർമാർക്കൊപ്പം, അഡ്വ. കെ. പ്രവീൺ കുമാർ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ
കൊയിലാണ്ടി: എൽ.ഡി.എഫിൽ നിന്ന് നിയോജക മണ്ഡലം പിടിക്കാൻ ഒരുമ്പെട്ടാണ് ഇത്തവണ ഐക്യജനാധിപത്യ മുന്നണി രംഗത്തുള്ളത്. 20 വർഷമായി എൽ.ഡി.എഫാണ് കൊയിലാണ്ടി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. യു.ഡി.എഫിലെ മന്ത്രിമാരായിരുന്ന അഡ്വ.പി.ശങ്കരനും അഡ്വ.എം.ടി. പത്മയും വിജയിച്ചു കയറിയ മണ്ണിലാണ് എൽ.ഡി.എഫ് തേരോട്ടം നടത്തുന്നത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും മുൻ എം.എൽ.എ കെ. ദാസനും തമ്മിലാണ് ഇത്തവണത്തെ പ്രധാന മത്സരം. എൻ.ഡി.എസ്ഥാനാർഥി ബി.ജെ.പിയിലെ സി.ആർ പ്രഫുൽ കൃഷ്ണൻ സജീവമായി രംഗത്തുണ്ട്.
കൊയിലാണ്ടി പഞ്ചായത്ത് രൂപം കൊണ്ട കാലം മുതൽ തുടർച്ചയായി 30 വർഷം പഞ്ചായത്ത് ഭരണം യു.ഡി.എഫിനായിരുന്നു. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി തുടങ്ങിയ പഞ്ചായത്തുകളിലും ഭരണത്തിലേറി. എന്നാൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി രൂപീകരിച്ചത് മുതൽ യു. ഡി. എഫിന് നിയോജക മണ്ഡലം ലഭിച്ചിട്ടില്ല. എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ. ദാസൻ പത്തുവർഷം മണ്ഡലത്തിൽ എം. എൽ.എയായി പ്രതിനിധീകരിച്ച വ്യക്തിയാണ്. അതിനു മുമ്പ് പത്ത് വർഷം നഗരസഭ ചെയർമാനുമായി. മണ്ഡലത്തിന്റെ പടിഞ്ഞാറ് ഭാഗം പൂർണമായും മത്സ്യത്തൊഴിലാളി മേഖലയാണ്. ഇവിടത്തെ വോട്ടാണ് പലപ്പോഴും ജയപരാജയങ്ങൾ തീരുമാനിക്കുന്നത്. മുസ്‍ലിം ലീഗിനും ബി.ജെ.പിക്കും സ്വാധീനമുള്ള ഇവിടം പലപ്പോഴും ഇടതുപക്ഷത്തോടൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്.
2021ൽ കാനത്തിൽ ജമീല 8,500 പരം വോട്ടിനാണ് യു.ഡി.എഫിലെ എൻ.സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. 2021ൽ ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി മുനിസിപ്പാലിറ്റി, മൂടാടി തുടങ്ങിയ സ്ഥലങ്ങളിൽ സി.പി.എമ്മിന് വോട്ടിൽ മേധാവിത്വവും പ്രാദേശിക തല ഭരണവും ഉണ്ടായിരുന്നു. നിലവിൽ ചേമഞ്ചേരി ചെങ്ങോട്ടുകാവ് പഞ്ചായത്തുകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ 24,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാഫി പറമ്പിൽ നേടിയത്. പക്ഷെ നിയോജകമണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നേറ്റം നടത്തിയെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 4,500 ൽ പരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ യു.ഡി.എഫിനുള്ളു.
വിഭാഗീയതകളെല്ലാം മറന്ന് മുന്നണി പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവീൺകുമാറിന് വേണ്ടി രംഗത്തുള്ളത് യു.ഡി.എഫിന് നല്ല പ്രതീക്ഷ പകരുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പിലാക്കിയ കണക്കുകൾ എൽ.ഡി.എഫ് നിരത്തി വെക്കുമ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ, ശോചനീയാവസ്ഥ, മോർച്ചറി ഇല്ലാത്തത് ,ഫിഷിങ് ഹാർബർ റോഡിന്‍റെ തകർച്ച തുടങ്ങിയവ യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
വീടുകൾ കയറിയും കുടുംബ യോഗങ്ങൾ വിളിച്ചും ഇരുമുന്നണികളും തങ്ങളുടെ സർവ ശക്തികളും പുറത്തെടുക്കുന്നു. സി.പി.എം അഖിലേന്ത്യ സെക്രട്ടറി എം.എ ബേബി, ഇടതുപക്ഷ മുന്നണിയുടെ ദേശീയ നേതാക്കൾ എന്നിവർ കെ. ദാസനു വേണ്ടി നിയോജക മണ്ഡലത്തിൽ എത്തി. പത്തു വർഷത്തെ ജനപ്രതിനിധി എന്ന നിലയിൽ വിജയം ആവർത്തിക്കാൻ കഴിയുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റാണ്. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും നേതൃതലത്തിൽ പ്രവർത്തിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. മുരളീധരനൊപ്പം ഡി.ഐ.സിയിലും പ്രവർത്തിച്ചിരുന്നു. ക്രിസ്ത്യൻ കോളജ്, ഉടുപ്പി ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കൊയിലാണ്ടി താലൂക്കിലെ കീഴരിയൂരാണ് സ്വദേശം.
ഇടതു സ്ഥാനാർഥി കെ. ദാസൻ എസ്.എഫ്.ഐ ,കെ.എസ്.വൈ.എഫ് എന്നീ സംഘടനകളിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്.സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മുനിസിപ്പൽ ചെയർമാൻ എന്ന നിലയിൽ 10 വർഷവും എം.എൽ.എ യായി പത്തുവർഷവും സേവന രംഗത്തുണ്ട്.
ബി.ജെ. പി നോർത്ത് ജില്ല പ്രസിഡന്റാണ്. എ.ബി.വി.പിയുടെയും യുവമോർച്ചയുടെയും സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വടകരയിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.