തഹ്‍ലിയയെ പുകഴ്ത്തി നൂർബിന റഷീദ്; മൂന്നുമാസം മുമ്പുള്ള പ്രസ്താവന വൈറലാകുന്നു

കോഴിക്കോട്: പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‍ലിയക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച്, ഇന്നലെ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പദവി രാജിവെച്ച നൂർബിന റഷീദിന്റെ പഴയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിൽ കൗൺസിലറായി മത്സരിക്കുമ്പോഴായിരുന്നു നൂർബിനയുടെ പ്രസ്താവന. തഹ്‍ലിയയെ ജനങ്ങൾ നന്നായി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും നല്ല ധീരമായി, വളരെ നന്നായി സ്ഥാനാർഥി ജനകീയമായി മുന്നോട്ടു പോകുന്നുണ്ടെന്നുമായിരുന്നു തഹ്‍ലിയയെ ഒപ്പംനിർത്തി നൂർബിന റഷീദ് പറഞ്ഞത്.

‘നല്ല റിസൾട്സ് ആണ് കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങൾ നന്നായി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത രീതിയിൽ നേതാക്കന്മാരൊക്കെ നയിക്കുന്നുണ്ട്. പഴയകാലത്തു നിന്ന് എത്രയോ ഭാഗ്യവന്മാരാണ് ഇപ്പോഴുള്ള വനിതകൾ. അവർക്ക് ഒരു പ്രയാസങ്ങളും ഇല്ല. ഒരു പ്രശ്നങ്ങളും ഇല്ല. നല്ല ധീരയായി വളരെ നന്നായി ജനകീയമായിട്ടാണ് സ്ഥാനാർഥികൾ മുന്നോട്ടു പോകുന്നത്’ -എന്നായിരുന്നു നൂർബിന പറഞ്ഞത്.

2021ൽ നൂർബിന റഷീദ് മത്സരിച്ചപ്പോൾ തഹ്‍ലിയയുടെ നേതൃത്വത്തിൽ ഹരിത നടത്തിയ പ്രകടനം

എന്നാൽ, തഹ്‍ലിയയെ പേരാമ്പ്രയിൽ സ്ഥാനാർഥിയാക്കിയതോടെ നൂർബിന കളംമാറി. പാണക്കാട് കുടുംബത്തെ വളരെ മോശമായി ചിത്രീകരിച്ചവരാണ് തഹ്‍ലിയ അടക്കമുള്ളവരെന്നും അവരോട് ഞങ്ങൾക്ക് മനസ്സുകൊണ്ട് യോജിക്കാൻ പറ്റില്ലെന്നുമാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ നൂർബിന പറഞ്ഞത്. തഹ്‍ലിയക്ക് സീറ്റ് നൽകരുതെന്ന് താൻ പലപ്രാവശ്യം കുഞ്ഞാലിക്കുട്ടി സാഹിബിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ‘ഇല്ല തഹ്ലിയ വരില്ല’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും അവർ പറഞ്ഞു.

‘ഹരിത എന്ന വിവാദം സൃഷ്ടിച്ചതാണ് അവരുടെ അയോഗ്യതയായി കാണുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങൾ ഇല്ലേ? പാണക്കാട് കുടുംബങ്ങളെ ഇത്രയധികം മോശമായി ചിത്രീകരിക്കുന്ന ഒരു സ്ഥിതിവിശേഷത്തോട് ഞങ്ങൾക്ക് മനസ്സുകൊണ്ട് യോജിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞങ്ങളുടെ വിയോജിപ്പ് പറയുന്നത്.

തങ്ങന്മാർ എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ്. ഞങ്ങൾ ആ പാണക്കാട് കുടുംബത്തെ ഹൃദയത്തോട് ചേർത്തു പിടിക്കുന്നവരാണ്. ലോകത്താരും തങ്ങന്മാർക്കെതിരെ സംസാരിച്ചിട്ടില്ല. പികെ നവാസിനെതിരെ മാത്രമല്ല, സാദിഖലി തങ്ങളെ നാലാം ഖലീഫ എന്ന് വിളിച്ചും അപമാനിച്ചു. ഒരു പരാതി കൊടുത്തു കഴിഞ്ഞാൽ ഏതറ്റം വരെയും ആ പരാതിയുമായി മുന്നോട്ടു പോകണ്ടേ?

ഞാൻ പലപ്രാവശ്യം കുഞ്ഞാലിക്കുട്ടി സാഹിബിനോട് ചോദിച്ചിരുന്നു, നിങ്ങൾ തഹ്ലിയക്ക് സീറ്റ് കൊടുക്കുന്നുണ്ടോ എന്ന്. ‘ഇല്ല തഹ്ലിയ വരില്ല’ എന്ന് അദ്ദേഹം പറഞ്ഞതാണ്. ഇവർ ഡെയിലി പാണക്കാട് എത്തുന്നുണ്ട് എന്ന് മലപ്പുറം ജില്ലയിലുള്ള പലരും എനിക്ക് ഫോട്ടോസ് ഇട്ടുതന്നു. ഇന്നുവരെ സ്ഥാനാർത്ഥി നിർണയ വേളയിലോ ചർച്ചകളിലോ ഒരു വനിതകൾ പോലും പാണക്കാടോ നേതാക്കന്മാരുടെ വീടുകളിലോ പോയി പറയാറില്ല. അന്ന് ഹരിതവിവാദത്തിൽ അവരെന്തൊക്കെ ഭീഷണിയായിരുന്നു പത്രമാധ്യമങ്ങളുടെ മുമ്പിൽ ഉയർത്തിയത്.



നമുക്കും അവസരം തരണം എന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾ 90കൾ മുതൽ പാർട്ടിക്ക് വേണ്ടി സഞ്ചരിച്ചുക്കുന്നവരാണ്. ഇങ്ങനെയുള്ള സ്ഥാനാർത്ഥികളെയാണ് ഞങ്ങൾ നിർത്തുന്നത് എന്ന് വനിതാലീഗിനോട് പറയണ്ടേ? സീറ്റ് കിട്ടാത്തതിലല്ല ഈ വിഷമങ്ങൾ ഒന്നും. സീറ്റ് കിട്ടാത്തതിനാണെങ്കിൽ ഞാൻ എന്നോ പോകണം. കാരണം ‘96-ൽ നൂർബിനാ റഷീദിനെ ആയിരുന്നു കോഴിക്കോട് സൗത്തിൽ പറഞ്ഞത്. എന്നആൽ, അന്ന് ഖമറുനിസ അൻവർ വന്നു. ഞാൻ അവരോടൊപ്പം നിന്ന് പ്രവർത്തിച്ചു. . 2011ൽ ഗുരുവായൂരിലോ ഇരവിപുരത്തോ നിൽക്കണം എന്ന് പറഞ്ഞ് ഡൽഹിയിൽനിന്ന് എന്നെ വിളിച്ചു വരുത്തിയിരുന്നു. അന്നും ഞാൻ ഒന്നും പറഞ്ഞിട്ടില്ല’ -നൂർബിന റഷീദ് ഇന്നലെ പദവി രാജിവെച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

Full View

Tags:    
News Summary - kerala assembly election 2026: fathima thahliya noorbina rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.