കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ കോൺഗ്രസ് ജില്ല പഞ്ചായത്തിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 28 ഡിവിഷനുകളില്‍ 14 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ ഏഴ് വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പ്രഖ്യാപിച്ചു. എടച്ചേരി, കായക്കൊടി, മേപ്പയൂര്‍, ചാത്തമംഗലം, കക്കോടി, ബാലുശ്ശേരി, കാക്കൂര്‍ ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ടി. വത്സലകുമാരി എടച്ചേരിയില്‍ മത്സരിക്കും. നിലവില്‍ നാദാപുരം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയും കെ.എസ്.എസ്.എ വൈസ് പ്രസിഡന്റുമാണ് വത്സലകുമാരി. കായക്കൊടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ സജിഷ എടുക്കുടി കായക്കൊടി ഡിവിഷനിൽ മത്സരിക്കും.
മേപ്പയൂർ ഡിവിഷനിൽ ഡി.സി.സി ജനറല്‍ സെക്രട്ടറിയും നാദാപുരം ടി.ഐ.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനുമായ മുനീര്‍ എരവത്ത് മത്സരിക്കും. ചാത്തമംഗലം ഡിവിഷനിൽ ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന് എടക്കുനിയാണ് സ്ഥാനാർഥി.
കക്കോടിയില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി 24കാരിയായ വിനയദാസ് എന്‍.കെ. കൂട്ടമ്പൂരാണ് മത്സരിക്കുക. കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ് വിനയദാസ്. ബാലുശ്ശേരി ഡിവിഷനിൽ ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എസ്. അഭിലാഷ് മത്സരിക്കും. കാക്കൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. സുധിന്‍ സുരേഷാണ് സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പുതന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്നും ജില്ല പഞ്ചായത്തിലേക്കുള്ള രണ്ടാംഘട്ട പട്ടിക ഉടന്‍ തീരുമാനിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. എം.കെ. രാഘവന് എം.പി, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, യു.ഡി.എഫ് ജില്ല ചെയര്മാന് കെ. ബാലനാരായണന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.