മാലിന്യപ്ലാന്‍റ് പ്രതിഷേധത്തിൽ വ്യക്തിഹത്യയെന്ന് കൗൺസിൽ, നരനായാട്ടെന്ന് പ്രതിപക്ഷം

കോഴിക്കോട്: കോതിയിലെ മലിനജല സംസ്കരണ പ്ലാന്‍റിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യു.ഡി.എഫ്-എസ്.ഡി.പി.ഐ നേതൃത്വത്തിൽ ഡെപ്യൂട്ടി മേയറെ വ്യക്തിഹത്യ നടത്തി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയെന്നാരോപിച്ച് സി.പി.എമ്മിലെ എം.സി. അനിൽകുമാർ കൊണ്ടുവന്ന അടിയന്തരപ്രമേയം ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട ചൂടേറിയ ചർച്ചക്കൊടുവിൽ കോർപറേഷൻ കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചു.

സംഭവത്തിൽ പ്രതിഷേധിക്കുന്ന പ്രമേയമാണ് മേയർ ഡോ. ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചത്. യു.ഡി.എഫ് എതിർത്ത പ്രമേയത്തിൽ ബി.ജെ.പി നിഷ്പക്ഷത പാലിച്ചു.

പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നരനായാട്ട് നടന്നെന്നും സ്ത്രീകളെയടക്കം മർദിച്ചതിൽ സർക്കാർ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിലെ എസ്.കെ. അബൂബക്കർ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷധിച്ചു. യു.ഡി.എഫ് പ്രമേയത്തിൽ പറയുന്നകാര്യങ്ങൾ സത്യവിരുദ്ധവും അടിയന്തര സ്വഭാവമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമെന്ന് കണ്ടെത്തിയാണ് മേയർ അനുമതി നിഷേധിച്ചത്. തുടർന്ന് ഭരണപക്ഷ പ്രമേയത്തിന് അനുമതി നൽകുകയായിരുന്നു.

96.2 സെന്‍റ് പുറമ്പോക്കുഭൂമിയിലാണ് കോതിയിലെ പ്ലാന്‍റെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും ഹൈകോടതിയുടെയും അനുമതിയിൽ പണിയുന്ന പ്ലാന്‍റിന് ഫിൽറ്ററും മറ്റും വെച്ച് കൂടുതൽ സംവിധാനങ്ങൾ ഉണ്ടാവുമെന്നും പ്രമേയമവതരിപ്പിച്ച എം.സി. അനിൽകുമാർ പറഞ്ഞു.

എന്നാൽ, നിർമാണത്തിന് ഹൈകോടതി അനുമതി നൽകിയിട്ടില്ലെന്നും മണ്ണ് പരിശോധനക്ക് മാത്രമാണ് അനുമതിയെന്നും എസ്.കെ. അബൂബക്കർ പറഞ്ഞു.

ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാവുന്നതാണെന്നും അവർക്ക് വേണ്ടിയാണ് പദ്ധതിയെന്ന് ബോധ്യപ്പെടുത്തി നടപ്പാക്കുമെന്നും അതോടെ അനാവശ്യസമരത്തിന് പ്രതിപക്ഷത്തിന് ആളെ കിട്ടാതാവുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.

കെ.സി. ശോഭിത, ഡോ. എസ്. ജയശ്രീ, എൻ.സി. മോയിൻകുട്ടി, അഡ്വ. സി.എം. ജംഷീർ, ടി.കെ. ഷമീന, എം. ബിജുലാൽ, സി.പി. സുലൈമാൻ, ഒ. സദാശിവൻ, പി.കെ. നാസർ, എം.സി. സുധാമണി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

വെള്ളപ്പൊക്ക ഭീഷണിക്കെതിരെ നടപടി

ബൈപാസ് പണിയുടെ ഭാഗമായി കുടിൽതോട് വാ‌‌ർഡിലുയർന്ന വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് കൗൺസിലർ വി. പ്രസന്ന ശ്രദ്ധക്ഷണിച്ചു. സ്ഥലം സന്ദർശിച്ച് നടപടിയുണ്ടാവുമെന്ന് മേയർ ഉറപ്പുനൽകി. പി.എൻ. അജിതയും പി. സരിതയും ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചു. 4000ൽ താഴെ രൂപ പെൻഷൻ വാങ്ങിക്കുന്നവർക്ക് സാമൂഹികക്ഷേമ പെൻഷൻ അനുവദിക്കാനുള്ള നടപടി വേണമെന്ന് ടി. മുരളീധരൻ ശ്രദ്ധക്ഷണിച്ചു.

മൊയ്തു മൗലവി മ്യൂസിയത്തിന്‍റെ നവീകരണം നടപ്പാക്കണമെന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ അത് ഉപയോഗിക്കണമെന്നും കെ. റംലത്ത് ശ്രദ്ധക്ഷണിച്ചു. സി.എച്ച് ഫ്ലൈഓവർ നവീകരണം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കുമെന്നും അതുവരെ വ്യാപാരികൾ താൽക്കാലികമായി മാറിനിൽക്കണമെന്നാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അറിയിച്ചു. അനുരാധ തായാട്ടാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്.

ഭക്ഷ്യപരിശോധന: പിഴയിട്ടത് 63,550 രൂപ

ഷവർമ കഴിച്ചുള്ള മരണത്തിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷണശാലകളിലെ പരിശോധന കോർപറേഷനിൽ കർശനമായി തുടരും. പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയാണ് ഇക്കാര്യത്തിൽ ശ്രദ്ധക്ഷണിച്ചത്. മേയ് രണ്ട് മുതൽ ഇതുവരെ 266 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും 94 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചെന്നും ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. ഇതുവരെ 63,550 രൂപ പിഴയിട്ടു. 52,670 രൂപ പിഴ ഈടാക്കി. ഭക്ഷ്യസുരക്ഷ വകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും. നിലവിൽ വിവിധ സംഘങ്ങളാക്കി തിരിച്ചാണ് പരിശോധന നടത്തുന്നത്. നൈറ്റ് സ്ക്വാഡുകളും ഹോളിഡേ സ്ക്വാഡുകളും പരിശോധന നടത്തുന്നുണ്ട്. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് എക്സൈസുമായി ചേർന്ന് സ്കൂളുകളുടെ സമീപത്തെ കടകളിൽ പരിശോധന നടത്തുമെന്നും മേയർ പറഞ്ഞു.

Tags:    
News Summary - kozhikode corporation waste treatment plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.