കോഴിക്കോട്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘അതിദരിദ്രരില്ലാത്ത കേരളം’ പദ്ധതിയുടെ ഭാഗമായി അതിദരിദ്രരില്ലാത്ത നഗരമാവാൻ കോഴിക്കോട് കോർപറേഷൻ ആവിഷ്കരിച്ച പദ്ധതി ലക്ഷ്യത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി അതിദരിദ്ര പട്ടികയിലെ 32 പേർക്ക് കല്ലുത്താൻ കടവിലെ ഒഴിഞ്ഞ ഫ്ലാറ്റുകൾ കൈമാറുകയും 25 പേർക്ക് നെല്ലിക്കോട് വീടുനിർമാണത്തിനുള്ള ഭൂമി ലഭ്യമാക്കുകയും ചെയ്യും. കോർപറേഷൻ 5.25 ലക്ഷം വീതം ചെലവഴിച്ചാണ് 25 പേർക്ക് മൂന്നുസെന്റ് വീതം ഭൂമി വാങ്ങിനൽകുകയെന്ന് മേയർ ഡോ. ബീന ഫിലിപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് ഇവിടെ ‘ലൈഫ്’ പദ്ധതിയിലുൾപ്പെടുത്തി മുഴുവനാളുകൾക്കും വീടും നിർമിച്ചു നൽകും. കല്ലുത്താൻ കടവിൽ ഫ്ലാറ്റുകൾ നൽകുന്ന 32 കുടുംബങ്ങൾക്കും വീട്ടിലേക്കാവാശ്യമായ ഫർണിച്ചർ, അടുക്കള ഉപകരണങ്ങൾ അടക്കമുള്ളവയും കോർപറേഷൻ ലഭ്യമാക്കും. മാത്രമല്ല ഈ കുടുംബങ്ങളുടെ വൈദ്യുതി, കുടിവെള്ള ബില്ലുകളും സ്ഥിരമായി കോർപറേഷൻ അടക്കും.
ഫ്ലാറ്റുകളും വീടിനുള്ള പ്ലോട്ടുകളും ബന്ധപ്പെട്ട കുടുംബങ്ങളെ വിളിച്ചുകൂട്ടി നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. അതിദരിദ്രരില്ലാത്ത കോർപറേഷൻ സൃഷ്ടിക്കാനായി മുഴുവൻ വാർഡുകളിലും നടത്തിയ സർവേയിൽ 814 പേരുടെ പട്ടികയാണ് തയാറാക്കിയിരുന്നത്. സർക്കാർ മാർഗരേഖ അനുസരിച്ച് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന വരുമാനം, സുസ്ഥിര വാസസ്ഥലം എന്നിങ്ങനെ നാലുഘടകങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ മൈക്രോ പ്ലാൻ പ്രകാരം നിലവിൽ 650 പേർക്ക് ഭക്ഷണവും 659 പേർക്ക് ചികിത്സയും 28 പേർക്ക് വരുമാന മാർഗവും നിലവിൽ കോർപറേഷൻ നൽകുന്നുണ്ട്.
അതിദരിദ്രർക്ക് ഫ്ലാറ്റും വീടിനുള്ള സ്ഥലവും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിൽ 19ന് വൈകീട്ട് 4.30ന് ടൗൺഹാളിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുമെന്നും മേയർ അറിയിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്, സെക്രട്ടറി കെ.യു. ബിനി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. ദിവാകരൻ, ഡോ. എസ്. ജയശ്രീ, പി.കെ. നാസർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.