കോതിബീച്ചിൽ മാലിന്യ നീക്കം ചെയ്യാതെ കിടക്കുന്നു

കോതിബീച്ച്: അലങ്കാരം പോയി അലങ്കോലം വന്നു

കോഴിക്കോട്: കോടികൾ ചെലവഴിച്ച് നിർമിച്ച കോതിബീച്ച് പരിപാലനമില്ലാതെ നശിക്കുന്നു. മാലിന്യം യഥാസമയം നീക്കം ചെയ്യാത്തതും കൃത്യമായ പരിപാലനമില്ലാത്തതും അലങ്കാരം പോയി അലങ്കോലം വന്ന അവസ്ഥയാണ് ഉണ്ടാക്കിയിരിക്കുന്നത്.

സന്ദർശകരാവട്ടെ ബീച്ച്‍ വൃത്തിയിൽ സൂക്ഷിക്കുന്നകാര്യത്തിൽ ഒട്ടും സഹകരിക്കുന്നുമില്ല. വൈകുന്നേരങ്ങളിൽ നല്ലതിരക്കുള്ള ബീച്ചായി മാറിയിട്ടുണ്ട് ഇവിടം. പരിസരങ്ങളിൽ ഭക്ഷണശാലകളും ഉണ്ട്. ഭക്ഷണാവശിഷ്ടങ്ങളും പേപ്പർ പ്ലേറ്റുകളും ബീച്ചിൽ പരന്നുകിടക്കുന്ന അവസ്ഥയാണ്.

ഇതു കൂടാതെ ഇവിടുത്തെ ഓപൺ ജിമ്മും സൈക്കിൾട്രാക്കും ഉപയോഗശൂന്യമായി കിടക്കുകയാണ്. കൃത്യമായ പരിപാലനമില്ലാത്തതാണ് പ്രശ്നം. ഉപ്പുകാറ്റ് ഏൽക്കുന്ന സ്ഥലത്തെ ഇരുമ്പ് നിർമിതികൾ കൃത്യമായി പരിപാലിച്ചില്ലെങ്കിൽ വേഗം നശിച്ചുപോകും.

തുറമുഖ വകുപ്പിന്റെ ഭൂമിയിൽ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ബീച്ച് നവീകരിച്ചത്. കടൽകാഴ്ചകളും അസ്തമയവും ഏറ്റവും മനോഹരമായ അനുഭവമാണ് കോതിബീച്ചിൽ. അതിനാൽ തന്നെ സന്ദർശകരുടെ എണ്ണം കൂടിവരുകയാണിവിടെ.

ഇവിടെയെത്തുന്ന വാഹനങ്ങൾ അലങ്കോലമായി റോഡരികിൽ നിർത്തിയിടുന്നതും നിയന്ത്രിക്കേണ്ടതുണ്ട്. രാത്രിയായാൽ തിരക്ക് കൂടുന്നത് റോഡിൽ അപകട സാധ്യതയും വർധിപ്പിക്കുന്നു. തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ നിയോജകമണ്ഡലത്തിലാണ് കോതിബീച്ച്.

ഇത് കോഴിക്കോട് കോർപറേഷന് വിട്ടുകൊടുത്താൽ പരിപാലനം ഏറ്റെടുക്കാമെന്ന് മേയറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. സാങ്കേതികത്വം തീരുമ്പോഴേക്ക് നവീകരിച്ച ബീച്ച് നശിച്ചു തീരുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. പ്രഭാതസവാരിക്ക് നൂറുകണക്കിന് പേർ എത്തുന്നുണ്ടിവിടെ.

Tags:    
News Summary - Kothi Beach-Gone is the decorum in comes the clutter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.