രാജേഷിന് ഇത് വിടവാങ്ങൽ പരേഡ്

ബേപ്പൂർ: വിടവാങ്ങൽ മത്സരത്തിനിറങ്ങുന്ന ഫുട്ബാൾ താരത്തിന്റെ വികാരവായ്പോടെയായിരുന്നു എം.എസ്.പി അസി. കമാൻഡന്റ് കെ. രാജേഷ് മലപ്പുറം ജില്ലതല റിപ്പബ്ലിക് ദിനാഘോഷ പരേഡ് നയിച്ചത്. 23 വർഷമായി ജില്ലയിലെ റിപ്പബ്ലിക്-സ്വാതന്ത്ര്യദിനാഘോഷ പരേഡുകളിലെ സജീവ സാന്നിധ്യമായ രാജേഷിന്റെ വിടവാങ്ങൽ പരേഡ് കൂടിയാണ് 2026ലെ റിപ്പബ്ലിക് ദിനം. 2003ലാണ് രാജേഷ് പരേഡിന്റെ ഭാഗമാകുന്നത്. പിന്നീട് 10 തവണ പ്ലാറ്റൂൺ കമാൻഡറും ആറ് തവണ അണ്ടർ കമാൻഡറുമായി. തുടർച്ചയായി അഞ്ച് തവണ പരേഡ് നയിക്കുന്ന കമാൻഡറുടെ റോളായിരുന്നു. ഈ റിപ്പബ്ലിക്കിലും പരേഡ് നായകന്റെ വേഷത്തിലാണ് രാജേഷ് എത്തിയത്.

1990ൽ സ്പോർട്സ് ക്വാട്ടയിൽ ഹവിൽദാറായി പൊലീസിൽ പ്രവേശിച്ചു. ബേപ്പൂർ നടുവട്ടം സ്വദേശിയായ രാജേഷ് കേരള പൊലീസ് ഫുട്ബാളിന്റെ സുവർണ തലമുറയിലെ റൈറ്റ് വിങ് ബാക്കായിരുന്നു. രണ്ട് ഫെഡറേഷൻ കപ്പ് കിരീടം, രണ്ട് സന്തോഷ് ട്രോഫി കിരീടം, രണ്ട് അഖിലേന്ത്യ പൊലീസ് കിരീടങ്ങൾ എന്നിവ നേടിയിട്ടുണ്ട്. കേരള പൊലീസ് ഫുട്ബാൾ ടീമിലെ അംഗം കൂടിയായ രാജേഷ് മേയ് മാസത്തോടെ സേവനരംഗത്തുനിന്ന് വിരമിക്കും.

പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഫുട്ബാൾ പ്രേമിയുമായ കെ. വേലായുധന്റെയും തങ്കമണിയുടെയും മകനാണ്. കോഴിക്കോട് സെന്റ് ആന്റണീസിൽ നിന്നും ഫാറൂഖ് കോളജിൽ നിന്നും വിദ്യാഭ്യാസം നേടി. ഫുട്ബാളിന്റെ ബാലപാഠം ബേപ്പൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും തുടങ്ങി ഫാറൂഖ് കോളജിലൂടെ മികച്ച കളിക്കാരനായി. 1987ലെ യൂനിവേഴ്സിറ്റി ഫുട്ബാൾ ചാമ്പ്യൻ ക്യാപ്റ്റനായിരുന്ന കോട്ടുപള്ളിക്കൽ സഫുവാന്റെ പ്രചോദനത്തിലൂടെ കളിക്കളത്തിലെ ഉയരങ്ങളിലേക്ക് എത്തി. ഒളിമ്പ്യൻ റഹ്മാൻ ഗുരുവായിരുന്നു.

1988ൽ പാലക്കാട് നടന്ന ജൂനിയർ നാഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ ദേശീയ ടീമിൽ അംഗമായിരുന്നു. 1990, 1991 വർഷങ്ങളിൽ ഫെഡറേഷൻ കപ്പ്, 1992ൽ ദുബൈ ഫെസ്റ്റിവലിൽ ഇൻവിറ്റേഷൻ ഫുട്ബാൾ ടൂർണമെന്റ്, 1994 മണിപ്പൂരിൽ നടന്ന ആൾ ഇന്ത്യ പൊലീസ് ഫുട്ബാൾ ചാമ്പ്യൻഷിപ്, നാല് തവണ കേരള സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ് എന്നിവയിൽ ബൂട്ടണിഞ്ഞു. 2009ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനും അർഹനായി. 

Tags:    
News Summary - This is a farewell parade for Rajesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.