മുക്കം: തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയെ തുടർന്ന് മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ അഴിച്ചുപണി. സംസ്ഥാനമാകെ യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചപ്പോഴും മുക്കത്ത് വൻ പരാജയമാണ് കോൺഗ്രസ് ഏറ്റുവാങ്ങിയത്. ആകെയുള്ള 34 ഡിവിഷനുകളിൽ 21 എണ്ണത്തിൽ മത്സരിച്ച കോൺഗ്രസിന് നാല് ഡിവിഷനുകളിൽ മാത്രമാണ് ജയിക്കാനായത്.
നഗരസഭയിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലാത്തതും കോൺഗ്രസിന് തിരിച്ചടിയായിരുന്നു. സഖ്യത്തെ എതിർത്തതും കോൺഗ്രസ് നേതൃത്വമായിരുന്നു. നഗരസഭയിലെ ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. മധു രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.സി.സി നേതൃത്വം മണ്ഡലം കമ്മിറ്റിയിൽ അഴിച്ചുപണി നടത്തിയത്.
മുക്കം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും ഐ.എൻ.ടി.യു.സി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയുമായ നിഷാബ് മുല്ലോളിയെ താൽക്കാലിക മണ്ഡലം പ്രസിഡന്റായി ചുമതല ഏൽപിച്ചു. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോഴിക്കോട് ഡി.സി.സി അന്വേഷണ കമീഷനെ വെക്കുകയും നേതാക്കളുടെയും പ്രവർത്തകരുടെയും മൊഴി എടുക്കുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് പാർട്ടിയിലെ അഴിച്ചുപണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.