കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ 43ാം സാക്ഷി കുറ്റ്യാടി മുതുവണ്ണാച്ച ഇളമ്പിലാശ്ശേരി സത്യന്റെ സാക്ഷിവിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി.
രണ്ടു തവണ മൂന്നാം പ്രതി പ്രജികുമാറിന് സയനൈഡ് കൊടുത്തിരുന്നതായി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവരുടെ വിസ്താരത്തിൽ സത്യൻ മൊഴിനൽകി.
പ്രജികുമാർ തന്റെ അകന്ന ബന്ധുവാണെന്നും കോയമ്പത്തൂരിൽ 30 വർഷം മുമ്പ് പ്രജികുമാർ സ്വർണപ്പണിക്ക് വന്ന സമയത്ത് പരിചയപ്പെട്ടതാണെന്നും താൻ 30 കൊല്ലത്തോളമായി കോയമ്പത്തൂരിൽ സ്വർണപ്പണി ചെയ്തുവരുകയാണെന്നും മൊഴി നൽകി. സയനൈഡ് വേണമെന്ന് പ്രതി ആവശ്യപ്പെട്ട പ്രകാരമാണ് നൽകിയത്.
കോയമ്പത്തൂരിലെ ആനന്ദ് എന്നയാളിൽനിന്ന് വാങ്ങിയാണ് 250 ഗ്രാം വീതം സയനൈഡ് നൽകിയത്. പ്രജികുമാർ ’97 മുതൽ താമരശ്ശേരിയിൽ സ്വർണപ്പണിയും ആഭരണങ്ങളുടെ കളറിങ്ങും നടത്തിയിരുന്നു. 2011ലും 2014ലും രണ്ടുതവണ സയനൈഡ് വാങ്ങി പ്രജികുമാറിന് നൽകിയതാണെന്നാണ് സത്യന്റെ മൊഴി.
എന്നാൽ, 2013ലും 2014ലുമാണ് സയനൈഡ് നൽകിയതെന്ന് കേസ് ഡയറിയിലുള്ള മൊഴിയിൽ പറഞ്ഞകാര്യം പ്രതിഭാഗം അഭിഭാഷകരായ അഡ്വ. ഷഹീർ സിങ്, അഡ്വ. പി. കുമാരൻകുട്ടി, എം. രാജേഷ്കുമാർ എന്നിവർ എതിർവിസ്താരത്തിൽ ഉന്നയിച്ചു. 2011ൽ കൊല നടന്നതായാണ് കേസ്.
മൂന്നാം പ്രതി നൽകിയ സയനൈഡ് രണ്ടാം പ്രതി എം.എസ്. മാത്യു ഒന്നാം പ്രതി ജോളിക്ക് നൽകിയെന്നും അത് കൊലക്കുപയോഗിച്ചെന്നുമാണ് കേസ്. സാക്ഷിയുടെ ബന്ധുക്കൾ പൊലീസുകാരാണെന്നും അവരുടെയും മേലുദ്യോഗസ്ഥരുടെയും നിർബന്ധത്തിന് വഴങ്ങി പൊലീസ് തയാറാക്കിയ തിരക്കഥക്കനുസരിച്ച് മൊഴി പറയുകയാണെന്നും പ്രതിഭാഗം വാദിച്ചു.
ആനന്ദ് എന്നയാൾ സാക്ഷിക്ക് സയനൈഡ് കൊടുത്തുവെന്ന് പറയുന്നുവെങ്കിലും അങ്ങനെയൊരാളില്ലെന്നുമാണ് പ്രതിഭാഗം വാദം. ആനന്ദ് നൽകിയ സയനൈഡ് പ്രജികുമാറിന് നൽകുമ്പോൾ തുറന്നു നോക്കിയിട്ടില്ലെന്നും എതിർവിസ്താരത്തിൽ സാക്ഷിമൊഴി നൽകി.
പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് മൂന്നാം പ്രതി പ്രജികുമാറിന്റെ സഹോദരനായ പ്രകാശനെ ഫോണിൽ വിളിച്ചപ്പോൾ രണ്ടാം പ്രതി ചതിച്ചതാണെന്ന് പറഞ്ഞതായും സത്യൻ മൊഴിനൽകി. സാക്ഷിവിസ്താരം ബുധനാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.