ബാലുശ്ശേരി: കേന്ദ്ര ബജറ്റിൽ വീണ്ടും പ്രതീക്ഷയർപ്പിച്ച് കിനാലൂരിന്റെ എയിംസ് സ്വപ്നം. ആരോഗ്യ രംഗത്ത് മലബാറിന്റെ കുതിപ്പിന് വഴിയൊരുക്കുന്ന കിനാലൂരിലെ എയിംസ് സാധ്യതകൾക്ക് ഇത്തവണയെങ്കിലും കേന്ദ്ര ബജറ്റിൽ സ്ഥാനമുണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാറിനൊപ്പം കിനാലൂർ നിവാസികളും.
കേരളത്തിൽ എയിംസ് അനുവദിക്കുമെന്ന് 2014ൽ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ലോക സഭയിൽ പ്രസ്താവിച്ചിരുന്നുവെങ്കിലും പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിന്റെ എയിംസ് എന്ന സ്വപ്നം ജലരേഖ പോലെ നിലകൊള്ളുകയാണ്. ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് രംഗത്തെ പ്രധാന വിഷയവും എയിംസ് എന്ന സ്വപ്നം സാക്ഷത്കരിക്കാൻ കഴിയുമോ എന്നുള്ളതായിരുന്നു.
കോഴിക്കോട് ലോക സഭ മണ്ഡലത്തിന്റെ സമഗ്ര വികസനവുമായി യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെയും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം എയിംസ് കൊണ്ടുവരുമെന്നായിരുന്നു. സംസ്ഥാനത്ത് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) സ്ഥാപിക്കുന്നതിനായി ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടും കേരളത്തിന് എയിംസ് പ്രഖ്യാപിക്കാതെയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റുകളെല്ലാം തന്നെ അവതരിപ്പിച്ചിട്ടുള്ളത്.
കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് സ്ഥാപിക്കാൻ കോഴിക്കോട് കിനാലൂരിൽ വ്യവസായ വികസന വകുപ്പിൻ കീഴിൽ 151 ഏക്ര ഭൂമിയാണ് സംസ്ഥാന സർക്കാർ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുള്ളത്. ഭാവി വികസനവും കൂടി കണക്കിലെടുത്ത് 40.68 ഹെക്ടർ സ്വകാര്യ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടികളും ഏതാണ്ട് പൂർത്തിയാക്കിയിട്ടുണ്ട്.
കേന്ദ്രം അവഗണ തുടരുകയാണെങ്കിലും സംസ്ഥാന സർക്കാർ പ്രതീക്ഷ കൈവിടാതെയാണ് എയിംസിനായി മുമ്പോട്ടു പോകുന്നത്. എയിംസ് പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും തുടർനടപടികളുമായി മുമ്പോട്ടു പോകുമെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി നിയമസഭയിൽ അറിയിച്ചത്.
എയിംസ് കോഴിക്കോട് കൊണ്ടുവരുമെന്ന ഉറച്ച ഉറപ്പാണ് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലാം വാഗ്ദാനം നൽകിയിട്ടുള്ളത്. കോഴിക്കോട് എയിംസ് ആവശ്യപ്പെട്ട് ഒരു തവണ പ്രധാനമന്ത്രിയെയും കേന്ദ്ര ധനകാര്യ മന്ത്രിയെയും ഏഴ് തവണ കേന്ദ്ര ആരോഗ്യ മന്ത്രിമാരെയും കണ്ട് ചർച്ച നടത്തിയതായും വിഷയം 33 തവണ പാർലമെന്റിൽ ഉന്നയിച്ചതായും എം.പി അവകാശപ്പെടുന്നു.
കേരളത്തിന്റെ ശിപാർശകൾ അംഗീകരിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ലോകസഭയിൽ അറിയിച്ചിരുന്നത്. കേരളത്തിൽ എയിംസ് ആരംഭിക്കുന്ന കാര്യത്തിൽ കേന്ദ്രഭരണ കക്ഷിയായ ബി.ജെ.പി നേതൃത്വവും ഇപ്പോൾ രണ്ടു തട്ടിലാണ്.
കാസർകോടിനായും പാലക്കാടിനായുമുള്ള വടം വലിയും അണിയറയിൽ നടക്കുന്നുണ്ട്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാകട്ടെ കോഴിക്കോട് എയിംസ് വരുന്നതിനോട് തീരെ യോജിപ്പില്ലാത്തയാളുമാണ്. സൗകര്യങ്ങളുടെ ലഭ്യതയും ഗതാഗത സൗകര്യവും കണക്കിലെടുത്തായിരുന്നു സംസ്ഥാന സർക്കാർ എയിംസിനു വേണ്ടി കോഴിക്കോട് കിനാലൂരിനെ പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.