കൊയിലാണ്ടിയിൽ നടന്ന കലിയൻ ആഘോഷം (ഫയൽ)
കൊയിലാണ്ടി: തിമിർത്തുപെയ്യുന്ന മഴയുടെ അകമ്പടിയോടെ കലിയൻ കടന്നുവരുന്നു, കാർഷികസംസ്കൃതിയുടെ ഓർമ പുതുക്കി. കൃഷിയെ ആശ്രയിച്ചുകഴിഞ്ഞ ഒരു കാലത്തിെൻറ ഓർമപുതുക്കലാണ് കലിയൻ.
പഴയ കാല പ്രൗഢിയില്ലെങ്കിലും വടക്കെ മലബാറിൽ ഇന്നും പ്രാധാന്യപൂർവം കലിയൻ ആഘോഷിക്കുന്നു. നിലവിളക്കും പാത്രത്തിൽ വെള്ളവും കത്തിച്ച ചൂട്ടുമായി 'കലിയാ ....കലിയാ... കൂയ്' ചക്കേം മാങ്ങേം, തേങ്ങേം താ എന്ന് ആർത്തുവിളിച്ച് മൂന്നു പ്രാവശ്യം വീടുചുറ്റുന്നു. അതിനുശേഷം വാഴപ്പോള കൊണ്ട് രൂപം നൽകിയ വീട്ടിൽ വിഭവങ്ങളൊരുക്കി പറമ്പിെൻറ തെക്കുഭാഗത്തെ പ്ലാവിൻ ചുവട്ടിൽ വെച്ച് ഒരിക്കൽ കൂടി കലിയനെ വിളിക്കും. അട, ചോറ്, കഞ്ഞി, ചക്കപ്പുഴക്ക്, മാങ്ങ, പപ്പടം... തുടങ്ങിയവയാണ് വിഭവങ്ങൾ. കർക്കിടക തലേന്ന് സന്ധ്യയോടെയാണ് ചടങ്ങ്. വാഴത്തട്ടക്കൊണ്ട് കലപ്പ, നുകം, ഏണി, കോണി, പ്ലാവില കൊണ്ട് കാള എന്നിവയും നിർമിക്കും.
കുട്ടികൾ തിമിർത്താടുന്ന വൈകുന്നേരം കൂടിയായിരുന്നു ഇത്. കലിയൻ വിളിയിൽ അവർ നാടിനെ മുഖരിതമാക്കും. ഇതിനുശേഷം ചേട്ടയെ അകറ്റി ശീപോതിയെ വീട്ടിലേക്കു ക്ഷണിക്കും. പൊട്ടിയ കലവും കുറ്റിച്ചൂലുമൊക്കെയായി ചേട്ടയെ അകലത്തെ കുറ്റിക്കാട്ടിൽ നിക്ഷേപിക്കും. തുടർന്ന് വീടും പരിസരവും ശുചിയാക്കും.
കർക്കിടകം ഒന്നു മുതൽ പൂമുഖത്ത് ശ്രീ ഭഗവതിക്ക് നിലവിളക്കുവെച്ച് ഭസ്മമുള്ള പാത്രത്തിൽ തുമ്പയും തുളസിക്കതിരുമിട്ട് വെള്ളംവെക്കും. കർക്കിടകം മൂന്നു വരെ തുടരും.
ഇതോടെ ദേവിയുടെ കൃപയാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകുമെന്നാണ് സങ്കൽപം. കാർഷിക സമൂഹത്തിെൻറ ആചാരമാണിത്. കർക്കിടകത്തിെൻറ ദുർഘടം മാറ്റി കൃഷിയെ സമ്പന്നമാക്കുകയുമാണ് ലക്ഷ്യം. കലിയെൻറ നിറവിൽ പത്തായം നിറയുമെന്ന സങ്കൽപം.
കർക്കിടകം കഴിഞ്ഞു വരുന്ന ചിങ്ങത്തിൽ മികച്ച വിളവിനായി കർഷകരുടെ പ്രതീക്ഷാനിർഭരമായ കാത്തിരിപ്പുകൂടിയാണിത്. സമീപകാലത്ത് പൊതു ആഘോഷമാക്കിയും ഇതു നടന്നിരുന്നു. കൊറോണക്കാലം പൊതു ആഘോഷത്തിെൻറ തിരശ്ശീല വീഴ്ത്തി. ചിലയിടങ്ങളിൽ മഴ ഉത്സവമായും ആഘോഷിച്ചു.
എങ്കിലും ഐശ്വര്യസമ്പൂർണമായ കാർഷിക കാലത്തിെൻറ ഓർമ പുതുക്കി കലിയൻ ഒരിക്കൽ കൂടി കടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.