സജീഷ്

ഗോവിന്ദപുരം ക്ഷേത്രക്കവർച്ച; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും

കോഴിക്കോട്: ഗോവിന്ദപുരം ശ്രീപാർഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന്‍ പണം കവർന്നത് ഇടുക്കിയിൽ പിടിയിലായ കുപ്രസിദ്ധ ക്ഷേത്രമോഷ്ടാവെന്ന് സൂചന. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷാണ് (43) വ്യാഴാഴ്ച കട്ടപ്പനയിൽ അറസ്റ്റിലായത്.

പ്രാഥമിക ചോദ്യം ചെയ്യലിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇതിൽ ഗോവിന്ദപുരം ക്ഷേത്രവും ഉൾപ്പെടുമെന്നാണ് വിവരം.

കട്ടപ്പനയിൽ അറസ്റ്റിലായ സജീഷാണ് ഗോവിന്ദപുരം ക്ഷേത്രക്കവർച്ചക്കു പിന്നിലെന്ന് സംശയിക്കുന്നതായും ഇയാളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്നും മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ബെന്നി ബാലു പറഞ്ഞു.

കോഴിക്കോട്ടെ മറ്റുപല ക്ഷേത്രക്കവർച്ചകളിലും ഇയാൾ പ്രതിയാണെന്ന് സംശയിക്കുന്നു. ഇക്കാര്യവും പരിശോധിക്കും -അദ്ദേഹം പറഞ്ഞു. കോട്ടൂളി, കക്കോടി എന്നിവിടങ്ങളിലെ ക്ഷേത്രക്കവർച്ചകളിലും ഇയാളെ സംശയിക്കുന്നുണ്ട്.

ഈമാസം എട്ടിന് പുലർച്ചയാണ് ഗോവിന്ദപുരം ക്ഷേത്രത്തിലെ ഒമ്പതു ഭണ്ഡാരങ്ങളിൽ ആറെണ്ണം കുത്തിത്തുറന്ന് പണം കവർന്നത്. ഒന്ന് കുത്തിപ്പൊളിക്കാനുള്ള ശ്രമവുമുണ്ടായി. കുത്തിത്തുറന്ന ഭണ്ഡാരങ്ങളിലായി ഏതാണ്ട് 35,000 മുതൽ 40,000 രൂപ വരെ ഉണ്ടാവുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പൊലീസിനോട് പറഞ്ഞത്.

പുലർച്ച 1.45നും 3.45നും ഇടയിലായിരുന്നു കവർച്ച. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ ആളെ വ്യക്തമായിരുന്നില്ല. രൂപസാദൃശ്യംവെച്ച് കവർച്ചക്കു പിന്നിൽ നിരവധി ക്ഷേത്രക്കവർച്ചകളിൽ പ്രതിയായ സജീഷാണെന്ന് പൊലീസ് സംശയിച്ചിരുന്നു.

എന്നാൽ, ഇയാളെ പിടികൂടാനായില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇടുക്കിയിൽ പിടിയിലായത്. ഗോവിന്ദപുരം സ്വദേശി ഷാജിയുടെ ബൈക്ക് കവർന്നാണ് പ്രതി ക്ഷേത്രത്തിൽ മോഷണത്തിനെത്തിയത്. ക്ഷേത്രത്തിലെ നടപ്പന്തൽ നിർമാണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സൂക്ഷിച്ച കമ്പി ഉപയോഗിച്ചാണ് പൂട്ടുകൾ കുത്തിത്തുറന്നത്.

2017 ഏപ്രിലിലും സമാന രീതിയിൽ ഈ ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. അന്ന് ഭണ്ഡാരങ്ങളിലെ പണത്തിനുപുറമെ ക്ഷേത്ര ശ്രീകോവിൽ കുത്തിത്തുറന്ന് അഞ്ചര പവൻ സ്വർണമാലയും കവർന്നിരുന്നു. 

Tags:    
News Summary - Govindapuram temple robbery-The suspect will be taken into custody and questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.