തൂണേരി ഫാമിലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്യൂസ് ഊരിയ നിലയിൽ
നാദാപുരം: തുണേരിയിൽ സർക്കാർ ആശുപത്രിയുടെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്. വൈദ്യുതി നിലച്ചതിനെ തുടർന്ന് രോഗികളും ഡോക്ടർമാരും വലഞ്ഞു. വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിനാണ് കെ.എസ്ഇ.ബി ജീവനക്കാർ തൂണേരി കുടുംബാരോഗ്യത്തിന്റെ ഫ്യൂസ് ഊരിയത്.
ശനിയാഴ്ച രാവിലെ ഒ.പി യിൽ രോഗികൾ എത്തുന്നതിനിടെയാണ് സംഭവം. ദിവസേന നൂറുകണക്കിന് രോഗികൾ എത്തിച്ചേരുന്ന തൂണേരി പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് വിഛേദിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നു. കുടിശ്ശിക ബില്ല് അടക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്ഇ.ബി അധികൃതർ നേരത്തെ തന്നെ ആശുപത്രിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെക്കിൽ ഒപ്പുവെക്കാത്തതിനെ തുടർന്ന് പണമടക്കാൻ കഴിഞ്ഞില്ല എന്നാണ് കുടുംബാരോഗ്യം കേന്ദ്രം ജീവനക്കാർ പറയുന്നത്. ഇതേത്തുടർന്നാണ് കെ.എസ്ഇ.ബി നടപടി സ്വീകരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഉച്ചയോടെ പ്രസിഡന്റിന്റെ മുറിയിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ഭരണ സമിതി അംഗങ്ങളും പ്രസിഡന്റും തമ്മിൽ രൂക്ഷമായ വാക്കേറ്റം നടന്നു. ഒടുവിൽ പ്രസിഡന്റ് ചെക്കിൽ ഒപ്പിട്ട് നൽകിയതോടെയാണ് പ്രശ്നം അവസാനിച്ചത്. പണം നൽകിയതോടെ കെ.എസ്.ഇ.ബി വൈദ്യുതിയും പുനസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.