കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മരുന്നുകൾക്കുള്ള ഫണ്ടുകളുടെ കാലാവധി അവസാനിക്കാനിരിക്കെ മെഡിക്കൽ സ്റ്റോറുകൾക്ക് മരുന്നുകളുടെ ഓർഡർ പ്രളയം. പഞ്ചായത്തുകളടക്കം മരുന്നുകൾക്കായി വാർഷിക പദ്ധതിയിലുൾപ്പെടുത്തി വകയിരുത്തിയ ഫണ്ടുകൾ ലാപ്സാകാതിരിക്കാനാണ് അവസാനം ഒരുമിച്ച് മെഡിക്കൽ സ്റ്റോറുകൾക്ക് വൻതോതിൽ ഓർഡറുകൾ നൽകുന്നത്.
ഇതോടെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷങ്ങളുടെ ഓർഡറുകൾ ലഭിച്ചിട്ടും മരുന്നുകൾ നൽകാൻ കഴിയാതെ ഓർഡറുകൾ മടക്കുകയാണ് സ്റ്റോറുകൾ. കേരള സ്റ്റേറ്റ് മെഡിക്കൽ സർവിസസ് കോർപറേഷനിൽനിന്നുമാത്രമേ മരുന്നു വാങ്ങാൻ മുമ്പ് അനുവാദമുണ്ടായിരുന്നുള്ളൂ.
ഇവിടെനിന്ന് മരുന്ന് ലഭിക്കാൻ കാലതാമസം നേരിട്ടതിനാൽ കൊല്ലം കാരുണ്യ കമ്യൂണിറ്റി ഫാർമസി ഡിപ്പോയിൽ നിന്ന് മരുന്നുകൾ വാങ്ങാനായിരുന്നു പിന്നീട് നിർദേശം. പാലിയേറ്റിവ് പ്രവർത്തനത്തിനടക്കമുള്ള മരുന്നുകൾ ലഭിക്കാൻ കാലതാമസം നേരിട്ടതോടെ അത്യാവശ്യ മരുന്നുകൾ കാരുണ്യ, കൺസ്യൂമർ ഫെഡിന് കീഴിലുള്ള നീതി അടക്കമുള്ള മെഡിക്കൽ സ്റ്റോറുകൾ, ജൻഔഷധി എന്നിവിടങ്ങളിൽനിന്നും വാങ്ങാമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എളുപ്പം മരുന്ന് ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നീതി മെഡിക്കൽ സ്റ്റോറുകളെയും ജൻഔഷധികളെയും ആശ്രയിക്കുന്നത്. ഫണ്ടില്ലാത്തതിനാൽ ദിവസങ്ങൾ മുമ്പുവരെ മരുന്നില്ലാതെ പ്രയാസപ്പെട്ട ആശുപത്രികളിൽ തുടർദിവസങ്ങളിൽ കുറച്ചുദിവസത്തേക്കെങ്കിലും മരുന്നെത്തുമെന്ന ആശ്വാസത്തിലാണ് ഫാർമസിസ്റ്റുകൾ. എന്നാൽ, ഒരുമിച്ച് മരുന്നെത്തിയതുകൊണ്ട് വലിയ പ്രയോജനം അർഹരായ രോഗികൾക്കുണ്ടാകുന്നില്ലെന്നാണ് വിലയിരുത്തൽ.
നിരന്തരമായി മരുന്നില്ലാത്തതിനാൽ സർക്കാർ ആശുപത്രികളെ സമീപിക്കാതെ പാവപ്പെട്ടവർ പോലും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുകയാണ്. മരുന്ന് വേഗം ലഭിക്കാൻ മെഡിക്കൽ ഓഫിസർമാരും ആശുപത്രി ക്ലർക്കുമാരും മെഡിക്കൽ സ്റ്റോർ അധികൃതരിൽ സമ്മർദം ചെലുത്തുകയാണ്.
എന്നാൽ, മാസങ്ങൾക്കു മുമ്പ് മരുന്ന് നൽകിയതിന്റെ തുക പൂർണമായും കിട്ടാതെയാണ് പല സ്ഥാപനങ്ങളും വീണ്ടും ഓർഡറുകൾ സ്വീകരിക്കുന്നത്. ദരിദ്രർക്കും കുട്ടികൾക്കുമുള്ള ആരോഗ്യ കിരണം പദ്ധതിയിൽ നൽകിയ മരുന്നുകളുടെ തുക മാസങ്ങൾ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് പല മെഡിക്കൽ ഔട്ട്ലറ്റ് അധികൃതരും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.