കോഴിക്കോട്: തീപിടിത്തമുണ്ടായ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതീകരണത്തിലെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള പ്രവൃത്തി രണ്ടു ദിവസത്തിനകം ആരംഭിക്കും. പാനൽ ബോർഡുകളും മീറ്ററുകളും മാറ്റിസ്ഥാപിച്ച് വൈദ്യുതി വിതരണം ആധുനിക രീതിയിലേക്ക് മാറ്റുന്നതിന് പ്രവൃത്തി മൂന്ന് കരാറുകാരെ ഏൽപിച്ചു. ഇതുസംബന്ധിച്ച് വ്യാഴാഴ്ച കോർപറേഷനിൽ നടന്ന യോഗത്തിലാണ് തീരുമാനം.
വൈദ്യുതി വകുപ്പിന്റെ അംഗീകാരമുള്ള മൂന്ന് കരാറുകാരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. കാലതാമസം ഒഴിവാക്കാൻ ദുരന്ത നിവാരണ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഇലക്ട്രിഫിക്കേഷൻ നവീകരണം പൂർത്തിയാക്കുന്നത്.
രണ്ടാഴ്ചക്കകം പണി പൂർത്തീകരിച്ച് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്നാണ് കോർപറേഷൻ കരാറുകാരോട് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഒരു മാസംകൊണ്ട് പണി പൂർത്തീകരിച്ചു നൽകാമെന്നാണ് കരാറുകാർ അറിയിച്ചിരിക്കുന്നത്.
ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സൂപ്രണ്ടിങ് എൻജിനീയർ, പൊതുമരാമത്ത്, ആരോഗ്യ വകുപ്പ് സ്ഥിരംസമിതി അധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.
കെട്ടിടത്തിലെ വൈദ്യുതീകരണത്തിൽ അപാകതയുണ്ടെന്നും കാലഹരണപ്പെട്ടതായും ബുധനാഴ്ച കെ.എസ്.ഇ.ബി വിഭാഗവും കോർപറേഷൻ ഇലക്ട്രിക്കൽ വിങ്ങും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസ്, പി.ആർ.സി മെഡിക്കൽസ് എന്നിവയിലും തൊട്ടടുത്തുള്ള കടകളിലുമായിരുന്നു കഴിഞ്ഞ ഞായറാഴ്ച തീപിടിത്തമുണ്ടായത്. ഈ ഭാഗത്തെ താഴെ നിലയിലെ വയറിങ്ങിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
മാവൂർ റോഡ് ഭാഗത്തുള്ള കടമുറികളിൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാനാണ് കെട്ടിട ഉടമ കൂടിയായ കോർപറേഷൻ ശ്രമിക്കുന്നത്. പടിഞ്ഞാറുഭാഗം പൂർണമായും പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.