കോർപറേഷൻ നികുതി പിരിവിലെ സാമ്പത്തിക തട്ടിപ്പ്; മുൻ ബിൽ കലക്ടർമാർക്കെതിരെ കേസ്

കോഴിക്കോട്: നികുതി പിരിവിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ കോഴിക്കോട് കോർപറേഷനിലെ രണ്ട് മുൻ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ബിൽ കലക്ടർമാരായിരുന്ന അമ്പിളി, റഷീദ എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇരുവരും നികുതി പിരിവിൽ ക്രമക്കേട് നടത്തിയെന്നും 5000 രൂപയോളം നഷ്ടമുണ്ടാക്കിയെന്നും കാണിച്ച് സെക്രട്ടറി കെ.യു. ബിനി നൽകിയ പരാതിയിലാണ് നടപടി. അടുത്ത ദിവസം ഇരുവരെയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. അതിനുമുമ്പ് കോർപറേഷൻ അധികൃതരിൽ നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്യും.

2017-18 കാലത്തെ നികുതി പിരിവിലെ ക്രമക്കേടാണ് പുറത്തുവന്നത്. നികുതി സ്വീകരിച്ചതുമായി ബന്ധപ്പെട്ട ഒമ്പത് രസീതുകളിലാണ് നിലവിൽ ക്രമക്കേട് കണ്ടെത്തിയത്. ഇതിലൊന്ന് സ്വത്ത് നികുതിയുടെതും മറ്റുള്ളവ തൊഴിൽ നികുതിയുടേതുമാണ്.

വലിയ കോളിളക്കമുണ്ടാക്കിയ കെട്ടിട നമ്പർ തട്ടിപ്പിനുപിന്നാലെയാണ് പുതിയ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവന്നത്. കെട്ടിട നമ്പർ തട്ടിപ്പിൽ വലിയ ആക്ഷേപങ്ങൾ വിവിധ കോണുകളിൽ നിന്നുയരുകയും യു.ഡി.എഫും ബി.ജെ.പിയും വലിയ പ്രക്ഷോഭം നടത്തുകയും ചെയ്തത് ഭരണസമിതിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത് മുൻനിർത്തിയാണ് മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് എന്നിവരുമായി കൂടിയാലോചിച്ച് ഉടൻതന്നെ സെക്രട്ടറി പൊലീസിൽ പരാതി നൽകിയത്.

ബിൽ കലക്ടർമാർ മാന്വലായി നികുതി പിരിച്ച് നൽകുന്ന രസീതിലെ തുകയിൽ കൃത്രിമം കാട്ടിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് വിഷയം അന്വേഷിക്കാൻ സെക്രട്ടറി നിയോഗിച്ച സ്‍ക്വാഡ് സൂപ്രണ്ട് മഞ്ജുവിന്റെ പ്രാഥമിക പരിശോധയിൽ കണ്ടെത്തിയിരുന്നു.

1140 രൂപ നികുതി വസൂലാക്കിയയാൾക്ക് ഇത്രയും തുക രേഖപ്പെടുത്തി രസീത് നൽകിയെങ്കിലും നഗരസഭ ഓഫിസിലെ രേഖയിൽ ഇത് 114 രൂപയെന്നാണ് രേഖപ്പെടുത്തിയത്. ഈ ഒറ്റ രസീതിൽ മാത്രം ആയിരം രൂപയിലേറെയാണ് വെട്ടിച്ചത്. കെട്ടിട നമ്പർ തട്ടിപ്പിന് കളമൊരുക്കിയ പാസ്വേഡ് ചോർച്ച നടന്ന റവന്യൂ വിഭാഗത്തിൽ തന്നെയാണ് വീണ്ടും ക്രമക്കേട് നടന്നതെന്നതാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.

നിലവിൽ ഒമ്പത് രസീതുകളിൽ മാത്രമാണ് ക്രമക്കേട് കണ്ടെത്തിയതെന്നും അമ്പിളിയും റഷീദയും പിരിച്ച നികുതി രസീതുകൾ മുഴുവനും പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഈ പരിശോധന കഴിഞ്ഞാൽ മാത്രമേ കൂടുതൽ ക്രമക്കേടുണ്ടോയെന്ന് പറയാനാവൂ എന്നും സെക്രട്ടറി പറഞ്ഞു. നികുതി രസീത് ബുക്കുകൾ പരിശോധിക്കാൻ റവന്യൂ ഇൻസ്പെക്ടർമാരോടും നിർദേശിച്ചിട്ടുണ്ട്.

തട്ടിപ്പിൽ സമഗ്രാന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് തദ്ദേശ വകുപ്പ് റീജനൽ ജോയന്റ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. 

Tags:    
News Summary - Financial fraud in corporation tax collection-Case against former bill collectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.