ശസ്ത്രക്രിയക്കുശേഷം ജാനു
കോഴിക്കോട്: മരണവക്കിലെത്തിയ വയോധികക്ക് അപൂർവ ശസ്ത്രക്രിയയിലൂടെ ലഭിച്ചത് പുതുജീവൻ. മെഡിക്കൽ കോളജ് കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗമാണ് രക്തധമനിയിൽ വിള്ളലും ഹൃദയവാൾവിന് ചോർച്ചയും വന്ന് മണിക്കൂറുകൾ മാത്രം ജീവിച്ചിരിക്കുമായിരുന്ന കണ്ണൂർ സ്വദേശി ജാനുവിന് (72) അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുനൽകിയത്.
പൂർണ ആരോഗ്യവതിയായി ജാനു കഴിഞ്ഞ ദിവസം വീട്ടിലേക്കുമടങ്ങി. സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞതിനെത്തുടർന്ന് ഡിസംബർ ഒമ്പതിനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ ബെൻറ്റാൽ പ്രൊസീജർ വിത്ത് ഹെമിയാർക്ക് റിപ്പയർ എന്ന ശസ്ത്രക്രിയക്കായി ഡോക്ടർമാർ തയാറെടുത്തു.
50 മിനിറ്റ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടഞ്ഞുനിർത്തി ശരീര ഊഷ്മാവ് 37 ഡിഗ്രിയിൽനിന്ന് 17 ആയി കുറച്ചാണ് ധമനിയും വാൾവും മാറ്റുന്ന എട്ടുമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ നടത്തിയത്.
ജീവൻ നഷ്ടപ്പെടാൻ സാധ്യത ഏറെയായതിനാൽ പ്രായമായവരിൽ ഈ ശസ്ത്രക്രിയ നടത്താറില്ലെന്ന് നേതൃത്വം നൽകിയ വകുപ്പ് മേധാവി ഡോ. എസ്. രാജേഷ് പറഞ്ഞു.
പുറമെ ആറുലക്ഷത്തിലേറെ ചെലവുവരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് നടത്തിയത്. ഡോ. പ്രജീഷ്, ഡോ. സജീവ് പോൾ, ഡോ. അതുൽ അബ്രഹാം, ഡോ. എം.കെ. അജ്മൽ, ഡോ. എ. ആനന്ദ്, ഡോ. പി.കെ. നജീബ്, ഡോ. ബി.കെ. അർജുൻ, ഡോ. കെ. സുവർണ, ഡോ. ജെ. വിനു, ഡോ. ആർ. റിജേഷ്, സ്റ്റാഫ് നഴ്സുമാരായ ടി.പി. ദിൽഷാദ്, പി. നീരജ, ജിത്തു, വി. രശ്മി, പി. കദീജ, പി. മുബീന എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.