കാരപ്പറമ്പ് ലക്ഷദ്വീപ് ഓഫിസിനു മുന്നിൽ നിർത്തിയിട്ട ഓട്ടോകൾ
കോഴിക്കോട്: ‘സാരഥികളി’ല്ലാത്തതിനാൽ ‘ഏഴഴകിലേക്ക് എൻ കോഴിക്കോട്’ പദ്ധതിയിലെ വാഹനങ്ങൾ അഴകുകെട്ട് കട്ടപ്പുറത്ത്. കോർപറേഷൻ ഹരിത കർമസേനക്കായി വാങ്ങിയ ഓട്ടോറിക്ഷകളാണ് വേണ്ടത്ര ഡ്രൈവർമാരില്ലാത്തതിനാൽ ഓട്ടംനിൽക്കുന്നത്.
എഴുപത്തഞ്ചു വാർഡുകളിലേക്ക് വാങ്ങിയ 75 ഓട്ടോകൾക്കും വേണ്ടത്ര ഡ്രൈവർമാരില്ലാത്തതാണ് വാഹന നീക്കം നടക്കാത്തത്. ഓട്ടോകൾ ഓടാത്തതിനാൽ വാർഡുകളിൽനിന്നുള്ള മാലിന്യനീക്കം ദിനംപ്രതി നടക്കുന്നുമില്ലെന്ന് വാർഡ് നിവാസികൾ പറയുന്നു.
ഹരിതകർമസേനക്ക് നൽകുന്ന അതേ കൂലിയായ 700 രൂപയായിരുന്നു ഡ്രൈവർമാർക്ക് നൽകിയിരുന്നത്. ലൈസൻസുള്ള ഹരിതകർമസേന ഡ്രൈവർമാരില്ലാത്തതാണ് മാലിന്യനീക്കം തടസ്സപ്പെടുന്നതിനൊരു കാരണമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം.
അഞ്ചു വാർഡുകളുള്ള കാരപ്പറമ്പ് ഹെൽത്ത് സർക്കിളിനു കീഴിൽ അഞ്ച് ഓട്ടോകൾ നൽകിയെങ്കിലും രണ്ടു ഡ്രൈവർമാർ മാത്രമാണിപ്പോഴുള്ളത്. ഇതുമൂലം ഇടവിട്ട ദിവസങ്ങളിൽമാത്രമാണ് വാർഡുകളിൽനിന്ന് മാലിന്യം നീക്കുന്നത്.
അഴക് ശുചിത്വ പ്രോട്ടോകോൾ പ്രകാരം പൂജ്യം മാലിന്യം, സന്തോഷ സൂചിക ഉയർത്തൽ, മാലിന്യ സംസ്കരണത്തിലെ മനോഭാവ മാറ്റം എന്നിവക്കുള്ള ബഹുജന സംരംഭത്തെ ശക്തിപ്പെടുത്താൻ പദ്ധതിയിട്ടാണ് 75 വാർഡുകളിലും മാലിന്യ ശേഖരണവും വേർതിരിക്കലും ഏർപ്പെടുത്തിക്കൊണ്ട് ഫ്ലാഗ്ഷിപ് പദ്ധതി നടപ്പാക്കിയത്.
ഇതിനായി ഹരിത കർമസേനയെ വിന്യസിച്ച ശേഷം രണ്ടാം ഘട്ടത്തിനായി നഗരസഭ കോടിക്കണക്കിന് രൂപ നീക്കിവെച്ചിട്ടും വേണ്ടത്ര ഡ്രൈവർമാരില്ലാതെ ഓട്ടോകൾ നിലക്കുന്നത് കോർപറേഷന് നാണക്കേടാവുകയാണ്. സംസ്ഥാനസർക്കാർ സാങ്കേതികവിദ്യാഭ്യാസ വകുപ്പും ചേർന്ന് ഇൻഡസ്ട്രി ഓൺ കാമ്പസ് (ഐ.ഒ.സി )പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സൻ വെഞ്ച്വർസ് എന്ന കമ്പനിയുമായി സഹകരിച്ച് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിൽ നിർമിച്ചതാണ് ഇലക്ട്രിക് ഓട്ടോകൾ.
2024 ജനുവരിയിൽ ആദ്യഘട്ടത്തിൽ 30 ഇലക്ട്രിക് ഓട്ടോകളും തുടർന്ന് ശേഷിക്കുന്ന 45 ഓട്ടോകളും കൈമാറുകയായിരുന്നു. അസംബിൾ ചെയ്ത് കോർപറേഷന് കൈമാറിയ ഇലക്ട്രിക് ഗാർബേജ് വാഹനങ്ങൾ കൃത്യമായി ചാർജ് ചെയ്തില്ലെങ്കിലും പരിചരണം ഇല്ലെങ്കിലും നശിക്കുമെന്ന് ഗവ. പോളിടെക്നിക് കോളജിലെ വിവിധ ബ്രാഞ്ചുകളിൽ പഠിക്കുന്ന വിദ്യാർഥികൾ പറയുന്നു.
മൂന്നു വാഹനങ്ങൾ കാരപ്പറമ്പിലെ ലക്ഷദ്വീപ് ഓഫിസിനു മുന്നിലാണ് നിർത്തിയിട്ടിരിക്കുന്നത്. മഴയത്ത് നിർത്തിയിട്ട ഇവ ദിവസങ്ങളായി ഓടുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, ഇവ സ്ഥിരമായി നിർത്തിയിടുന്നില്ലെന്നും ഓട്ടോകൾ ഇരു ഡ്രൈവർമാരും മാറിമാറി ഓടിക്കുന്നുണ്ടെന്നും കോർപറേഷൻ ആരോഗ്യ വിഭാഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.