കൊടുവള്ളി: പത്ത് കോടിരൂപ വിനിയോഗിച്ച് കൊടുവള്ളി നഗരസഭക്ക് പുതിയ കെട്ടിടം പണിയുന്നതിനായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജീർണ്ണാവസ്ഥയിലായ പഴയ ബസ് സ്റ്റാൻഡ് കെട്ടിടവും മുനിസിപ്പൽ ഓഫിസും പൊളിച്ചുമാറ്റുന്ന ജോലികൾ ആരംഭിച്ചു. ചൊവ്വാഴ്ച മുതൽ ബസ് സ്റ്റാൻഡിലേക്കുള്ള പൊതുജനങ്ങളുടെയും ബസ്സുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങളുടെയും പ്രവേശനം നിശ്ചിത കാലത്തേക്ക് തടഞ്ഞു. ടൗണിൽ പുതിയ ട്രാഫിക്ക് പരിഷ്കരണം ചൊവ്വാഴ്ച നടപ്പാക്കി തുടങ്ങി. എന്നാൽ യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാനുള്ള സൗകര്യങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടില്ല. കട വരാന്തയിലും മറ്റും കയറി നിൽക്കേണ്ട അവസ്ഥയാണുള്ളത്. വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ബസ് കയറാനായി ടൗണിലൂടെ നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്.
നിർമാണ കാലയളവിൽ ടൗണിൽ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ബസ്സുകൾക്കും ടാക്സി വാഹനങ്ങൾക്കും പ്രത്യേക പാർക്കിംങ്, സ്റ്റോപ്പ് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.നരിക്കുനി ഭാഗത്തുനിന്നു വരുന്നതും ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതുമായ ബസ്സുകൾ കെ.എം.ഒ സ്കൂൾ റോഡിലേക്ക് കയറ്റി തിരിച്ച് നരിക്കുനി റോഡിൽ തന്നെ പാർക്ക് ചെയ്യണം. ഇവിടെ വച്ചായിരിക്കണം ആളുകളെ ഇറക്കുന്നതും കയറ്റുന്നതും. കോഴിക്കോട് ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ഓർഫനേജ് മസ്ജിദിന് എതിർ വശത്തു നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. താമരശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള പ്രസ് ക്ലബ് പ്രവർത്തിക്കുന്ന ജവഹർ ബിൽഡിംഗിന് അടുത്തായി നിർത്തണം. കോഴിക്കോട് ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്തേക്കും തിരിച്ചുളളതുമായ ബസ്സുകൾ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പ്രവേശിക്കരുത്. പകരം അൻസാരി ടെക്സ്റ്റയിൽസിന് സമീപമുള്ള സ്റ്റോപ്പുകളിൽ നിന്ന് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. കൊടുവള്ളി ടൗണിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെതീരുമാന പ്രകാരം നടപ്പാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ബസ് ഓണേഴ്സ് അസോസിയേഷൻ താമരശ്ശേരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിലെ പരിഷ്കാരങ്ങൾ ബസ്സുകൾക്കും യാത്രക്കാർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണ്. ഓമശ്ശേരി ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്ക് ബൈപ്പാസ് റോഡ് വഴി വന്നും കോഴിക്കോട് നിന്നും താമരശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾക്കും ബസ് സ്റ്റാൻഡിന് മുൻവശത്തുനിന്നും യാത്രക്കാരെ എടുക്കാനുള്ള അവസരം ഉണ്ടാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ക്രമീകരണങ്ങൾ സംബന്ധിച്ച് നിവേദനം ഭാരവാഹികൾ നഗരസഭ ചെയർമാൻ കൈമാറി. പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ നടപടി സ്വീകരിക്കുമെന്നാണ് നഗരസഭ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.