പാലം തകർന്ന് പുഴയിൽ വീണ ചെന്നൈ മെയിൽ, ഉദയൻ
കോഴിക്കോട്: കാപ്പാത്തുങ്കോ.... കാപ്പാത്തുങ്കോ.... കടലുണ്ടി ദുരന്തത്തിന് കാൽ നൂറ്റാണ്ട് പൂർത്തിയാകുമ്പോഴും അന്ന് രക്ഷാപ്രവർത്തനം നടത്തിയ ഉദയന്റെ മനസ്സിൽ ആ ദയനീയ വിളി അലയടിക്കുന്നു. ദുരന്തത്തിൽപെട്ട ചെന്നൈ മെയിലിന്റെ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞ ബോഗിയിലെ ശുചിമുറിയിൽ നിന്നായിരുന്നു തമിഴ് ഭിക്ഷാടകയുടെ രക്ഷിക്കൂ, രക്ഷിക്കൂ (കാപ്പാത്തുങ്കോ... കാപ്പാത്തുങ്കോ) എന്ന നിലവിളി. ബോഗിയിലെ മറ്റുള്ളവരെ രക്ഷപ്പെടുത്തി തിരിച്ചുപോരുമ്പോഴായിരുന്നു അശരീരി പോലെ ആ നിലവിളി. അപ്പോൾ സമയം ഇരുട്ടിയിരുന്നു. ശുചിമുറിയുടെ വാതിലുകൾ തിക്കിത്തുറക്കാൻ ശ്രമിച്ചപ്പോൾ അകത്തുനിന്ന് ഒരു കൈ പുറത്തേക്ക് നീണ്ടു. ആ കൈയിൽ പക്ഷേ വിരലുകൾ ഉണ്ടായിരുന്നില്ല. കുഷ്ഠരോഗം വന്ന് മുറിഞ്ഞുപോയ വിരലുകൾ. ഖലാസികൾ ഏറെ പ്രയാസപ്പെട്ട് ശുചിമുറിയുടെ വാതിലുകൾ തുറന്ന് ആ തമിഴ് വയോധികയെ രക്ഷപ്പെടുത്തി. തീവണ്ടിയിലെ ഭിക്ഷാടകയായിരുന്നു അവർ. തോണിയിൽ കരക്ക് എത്തിക്കുന്നതിനിടയിൽ അവർ പറഞ്ഞുകൊണ്ടിരുന്നു ‘ഉങ്കൾക്ക് കോടി കോടി പുണ്യം കിട്ടും...’ അങ്ങനെ എത്രയോ ജീവനുകൾ രക്ഷിച്ച ഓർമയുടെ കടലിരമ്പമാണ് കടലുണ്ടി സ്വദേശിയായ ഉദയന്റെ മനസ്സിലിപ്പോഴും. 52 പേർ മരിച്ച മഹാദുരന്തത്തിന് ഇന്ന് 25 വർഷം തികയുകയാണ്. 2001 ജൂൺ22 നായിരുന്നു രാജ്യം ഞെട്ടിയ കടലുണ്ടി ട്രെയിൻ ദുരന്തം. നൂറുകണക്കിന് യാത്രികർ പരിക്കുകളോടെ രക്ഷപ്പെട്ടത് പരിസരത്തെ തൊഴിലാളികളുടെയും നാട്ടുകാരുടെയും അവസരോചിത ഇടപെടൽ മൂലമായിരുന്നു. ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും കടലുണ്ടിക്കാർക്ക് ആ സന്ധ്യാനേരം ഇന്നും ജീവൻ തുടിക്കുന്ന ഓർമയാണ്.
പാളം തെറ്റിയ ബോഗികളുടെ ഭീകരശബ്ദം, സഹായത്തിനായുള്ള നിലവിളികൾ, അപരിചിതരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തിയ സാധാരണ മനുഷ്യരുടെ അസാധാരണ വീരത്വം. ആ ഓർമകൾ ഇന്നും തലമുറകളിലൂടെ പ്രതിധ്വനിക്കുന്നു. ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് കടലുണ്ടി ട്രെയിൻ ദുരന്തം. കോഴിക്കോട് ജില്ലയിലെ കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള പാലത്തിൽ വെച്ചായിരുന്നു ഈ ദാരുണ സംഭവം. ജൂൺ 22 വൈകീട്ട് ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗലാപുരം മെയിൽ (ട്രെയിൻ നമ്പർ. 6602) ആണ് അപകടത്തിൽപെട്ടത്. കടലുണ്ടി റെയിൽവേ സ്റ്റേഷന് സമീപമുള്ള, കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള പാലത്തിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ പാലം തകരുകയും ട്രെയിനിന്റെ ബോഗികൾ പുഴയിലേക്ക് പതിക്കുകയുമായിരുന്നു. മനുഷ്യത്വത്തിന്റെ അനവധി പാഠങ്ങൾ ഈ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിനിടയിൽ പിറന്നു. ദുരന്തത്തിന്റെ ഓർമദിനത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരും രക്ഷപ്പെട്ടവരും നാട്ടുകാരും ഖലാസികളും കടലുണ്ടിയിൽ ഒത്തുചേർന്ന് മരിച്ചവരുടെ ഓർമകൾക്ക് പുഷ്പാഞ്ജലി അർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.