വടകര: അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന ചോമ്പാല മത്സ്യബന്ധന തുറമുഖം യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതോടെ വികസന കുതിപ്പിലേറുമെന്ന പ്രതീക്ഷയിലാണ്.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏറെ ചർച്ചയായ ചോമ്പാല മത്സ്യബന്ധന തുറമുഖത്തിന്റെ ശോച്യാവസ്ഥക്ക് ഇത്തവണയെങ്കിലും പരിഹാരമാവുമെന്ന വിശ്വാസത്തിലാണ് മത്സ്യ തൊഴിലാളികൾ. ബജറ്റിൽ ടോക്കൻ തുകയായി രണ്ട് കോടി വെച്ചത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ ചോമ്പാല തുറമുഖം അവഗണനയുടെ പടുക്കുഴിയിൽ വീണിട്ട് വർഷങ്ങളായി. രണ്ട് തവണ ഇടത് സർക്കാർ അധികാരത്തിലെത്തിയിട്ടും തുറമുഖത്തിന്റെ വികസനം കടലാസിലൊതുങ്ങുകയാണുണ്ടായത്. മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് പുലിമുട്ടിന് ആഴം കൂട്ടണമെന്നത് എന്നാൽ പദ്ധതി എങ്ങുമെത്തിയില്ല. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ ഡ്രെഡ്ജിങ് ഗുണകരമല്ലാത്ത രീതിയിൽ നടത്തിയതിനാൽ ചളിനിറഞ്ഞ് മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. വേലിയേറ്റ സമയങ്ങളിൽ വള്ളങ്ങൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. തുറമുഖത്ത് മലിനജലമൊഴുക്കിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതിനാൽ വൃത്തിഹീനമാണ്.
ലേലപ്പുരയിൽ മത്സ്യ ലേലത്തിന് ആവശ്യമായ സൗകര്യമില്ലാത്തതിനാൽ തീരത്തുനിന്ന് തന്നെയാണ് ലേലം നടക്കുന്നത്. പഴകിയതും ദ്രവിച്ചതും ഉപയോഗശൂന്യമായതുമായ നിരവധി വള്ളങ്ങളാണ് തീരത്തോടുചേർന്ന് അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്നത്. കൊതുകു വളർത്ത് കേന്ദ്രങ്ങളായി മാറുന്ന വള്ളങ്ങൾ നീക്കാൻ നടപടിയില്ല.ശുചിമുറിയുടെ അഭാവവും പഴയ കെട്ടിടവും തൊഴിലാളികളെ വലക്കുന്നുണ്ട്.ബോട്ടുകൾ കടലിൽ ഇറങ്ങാത്ത ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം തുറമുഖത്തെ പ്രധാന ആകർഷണ കേന്ദ്രമാക്കി മാറ്റുന്നുണ്ട്.തീരക്കടൽ കേന്ദ്രീകരിച്ച് അവർ നടത്തുന്ന മത്സ്യബന്ധനം മൂലമാണ് മത്സ്യം ലഭിക്കുന്നത്. ചോമ്പാലയിലെ ഭൂരിഭാഗവും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്.
തിക്കോടി മുതൽ അഴിയൂർ പൂഴിത്തല വരെയുള്ള മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന പ്രധാന തുറമുഖമാണിത്. ആയിരത്തോളം മത്സ്യത്തൊഴിലാളികൾ പ്രത്യക്ഷമായും അത്രതന്നെ തൊഴിലാളികൾ പരോക്ഷമായും ആശ്രയിക്കുന്നുണ്ട്.മത്സ്യം കയറ്റുമതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന തുറമുഖം രണ്ട് പതിറ്റാണ്ടിന് മുകളിലായി അവഗണിക്കപ്പെട്ട് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.