'മെഡിക്കൽ കോളജിൽ രാത്രി കാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യം ഏർപ്പെടുത്തണം'; ഹൈകോടതിയിൽ ഹരജി

കോഴിക്കോട്: മെഡിക്കൽ കോളജിൽ രാത്രി കാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകനായ ഷൗക്കത്ത് മൂഴിക്കൽ കേരള ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി സമർപ്പിച്ചു. നിലവിൽ രാത്രി സമയങ്ങളിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള സംവിധാനമില്ലാത്തതിനാൽ നിരവധി കേസുകളിൽ മരിച്ചവരുടെ ബന്ധുക്കൾക്കും അന്വേഷണ നടപടികൾക്കും ഗൗരവമായ കാലതാമസം നേരിടേണ്ടി വരുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടി.

അപകടമരണം, ആത്മഹത്യ, ക്രിമിനൽ കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോർട്ടം അനിവാര്യമായ സാഹചര്യങ്ങളിൽ വൈകിപ്പോകുന്നത് നീതിനടപടികൾക്കും അന്വേഷണത്തിനും തടസ്സമാകുന്നതായും ഹരജിയിൽ വ്യക്തമാക്കുന്നു. അതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരെയും മറ്റ് സ്റ്റാഫുകളെയും നിയമിച്ച് രാത്രി കാലത്തും പോസ്റ്റ്‌മോർട്ടം നടത്താനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഉത്തരവനുസരിച്ച് കേരളത്തിലെ അഞ്ച് മെഡിക്കൽ കോളജുകളിൽ രാത്രി കാല പോസ്റ്റ്‌മോർട്ടം നടത്താനുള്ള സംവിധാനം ഏർപ്പെടുത്തേണ്ടതുണ്ടെങ്കിലും ആവശ്യമായ സ്റ്റാഫ്, സുരക്ഷാ സംവിധാനങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുടെ അപര്യാപ്തത മൂലം പല ഇടങ്ങളിലും ഇത് കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്താൻ കഴിയാത്ത സാഹചര്യം തുടരുന്നത് മരിച്ചവരുടെ ബന്ധുക്കൾക്കും അന്വേഷണ ഏജൻസികൾക്കും അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്നാണ് ഹരജിയിൽ പറയുന്നത്. അഭിഭാഷകരായ നജാഹ് ഇബ്രാഹിം, ഷഹസാദ് കെ, ഫാത്തിമ തഹിലിയ, ഹനാന ഫാത്തിമ, മുഹമ്മദ്‌ സാബിത്ത് എന്നിവർ ഹരജിക്കാരന് വേണ്ടി ഹാജരായി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് മുസ്ലീം ലീഗിലെ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ അഞ്ച് തവണ സബ്മിഷൻ ഉന്നയിച്ചതിനെ തുടർന്നാണ് രാത്രി കാല പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം എടുത്തിരുന്നത്. ഷൗക്കത്തിന്റെ പരാതി ഇക്കാര്യത്തിൽ പ്രതീക്ഷക്ക് വക നൽകുന്നതായി നിയമ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

Tags:    
News Summary - demand for postmortem in kozhikode medical college at night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.