കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോകുന്നു
കോഴിക്കോട്: ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന പരാതിയിൽ അന്തർ സംസ്ഥാനക്കാരായ ദമ്പതിമാരെ പിടികൂടി. മംഗളുരൂ സ്വദേശികളായ ശ്രീനിവാസൻ, ഭാര്യ ലക്ഷ്മി എന്നിവരെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റുചെയ്തത്. ഇരുവർക്കുമെതിരെ കേസെടുത്തു.
ഏഴു വയസ്സുകാരനൊപ്പം കളിക്കുകയായിരുന്ന മറ്റു കുട്ടികൾ ചേർന്നാണ് ഇരുവരെയും പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചത്. പുതിയകടവിൽ ഇന്നലെ പകൽ 12 ഓടെയായിരുന്നു സംഭവം. ഉമ്മയുടെ വീട്ടിൽ അവധി ആഘോഷിക്കാനെത്തിയ ബേപ്പൂർ സ്വദേശിയായ കുട്ടിയെയാണ് കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
പുതിയകടവിലെ മൂപ്പന്റെപറമ്പിൽ കളിക്കുകയായിരുന്നു പത്തംഗ സംഘം. അവിടെനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ പ്ലാസ്റ്റിക്കും മറ്റും പെറുക്കുന്ന ദമ്പതികൾ ഏഴു വയസ്സുകാരെ പൊക്കിയെടുത്ത് ചാക്കിൽ കയറ്റാൻ നോക്കുകയായിരുന്നുവെന്ന് കുട്ടി പൊലീസിൽ പരാതിപ്പെട്ടു.
ബഹളം വെച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും ബീച്ച് ഭാഗത്തേക്ക് ഓടിയെന്നും പിന്നാലെ ഓടിയ തങ്ങൾ ഒരു കിലോമീറ്ററോളം ഇവരെ പിന്തുടർന്നുവെന്നും കൂടെയുണ്ടായിരുന്ന കുട്ടികൾ പറഞ്ഞു. ബീച്ചിലെ ലയൺസ് പാർക്ക് പരിസരത്തുവെച്ചാണ് നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെച്ച് അവിടെയുള്ള പൊലീസുകാരനെ ഏൽപിച്ചത്.
പിന്നീട് വെള്ളയിൽ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. മുഹമ്മദ് നിഷാദ്, മിഥിലാജ്, ഹിനാൻ, നബീൽ, മുഹമ്മദ് ഷിനാൻ, ബാദുഷ, റംഷീദ്, അജ്മൽ, സൈനുൽ ആബിദ് എന്നീ കുട്ടികളാണ് ദമ്പതികളെ പിന്തുടർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.