കോഴിക്കോട്: രാമനാട്ടുകര- വട്ടക്കിണർ റോഡിലെ ചെറുവണ്ണൂർ മേൽപാലം നിര്‍മാണത്തിന് ഇ.പി.സി (എൻജിനീയറിങ്, പൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) രീതിയിൽ കരാര്‍ നല്‍കുന്നതിന് സർക്കാർ അനുമതി നൽകി. നേരത്തേ ഡി.ബി.എഫ്.ഒ.ടി (ഡിസൈൻ- ബിൽഡ്, ഓപറേറ്റ്- ട്രാൻസ്ഫർ) ആയി പണിയുന്നതിനായിരുന്നു ഭരണാനുമതി നൽകിയിരുന്നത്. മേൽപാലം പണി വേഗത്തിൽ പൂർത്തിയാക്കുന്നതിന് ഇ.പി.സി മാതൃക അവലംബിക്കുകയാണ് ഉചിതമെന്ന് നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ നിർദേശിച്ചതിനെ തുടർന്നാണ് കരാർ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചത്.
ബി.ഒ.ടി ആയി നടപ്പാക്കുന്ന കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി ചെറുവണ്ണൂരിലും അരീക്കാട്ടും മേൽപാലങ്ങൾ നിർമിക്കുന്നതിന് 255.62 കോടി രൂപക്ക് ഒരുമിച്ചുള്ള ഭരണാനുമതിയാണ് നേരത്തേ നൽകിയിരുന്നത്. ചെറുവണ്ണൂർ മേൽപാലത്തിനുള്ള സ്ഥലമേറ്റെടുപ്പ് ജോലികൾ അവസാനഘട്ടത്തിലാണ്. അരീക്കാട് മേൽപാലത്തിന്റെ ഭൂമി ഏറ്റെടുക്കൽ മന്ദഗതിയിലാണ്. എന്നാൽ, ചെറുവണ്ണൂർ മേൽപാലത്തിന്റെ നടപടിക്രമങ്ങൾ ഏറെ മുന്നേറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ രണ്ട് മേൽപാലങ്ങളും വെവ്വേറേ പ്രവൃത്തികളാക്കുകയും ചെറുവണ്ണൂരിലേത് ഇ.പി.സി മാതൃകയിലാക്കുകയും ചെയ്താൽ പ്രവൃത്തി നേരത്തേ പൂർത്തീകരിക്കാനാകുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ സർക്കാറിനെ അറിയിക്കുകയായിരുന്നു.
പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഓരോ നടപടിക്രമത്തിനും കൃത്യമായ ടൈംലൈൻ നിശ്ചയിച്ചായിരിക്കും പ്രവൃത്തി ആരംഭിക്കുക. ഇതിനു മേൽനോട്ടം വഹിക്കാൻ ഉന്നത ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.