കോഴിക്കോട്: ജില്ലയിലെ സിമന്റ് ചുമട്ടുതൊഴിലാളി സമരം, നിർമാണ മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നു. സമരം നീണ്ടുപോയാൽ സിമന്റിന് ക്ഷാമവും വിലക്കയറ്റവും ഉണ്ടാവുമെന്നാണ് വീടും കെട്ടിടവും നിർമിക്കുന്നവരും വിവിധ കരാർ ജോലികൾ ഏറ്റെടുത്തവരും ആശങ്കപ്പെടുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെയടക്കം റോഡ് കോൺക്രീറ്റ് ചെയ്യൽ, തോട് കെട്ടൽ, പാലം നിർമാണം, ചുറ്റുമതിലൊരുക്കൽ, വിവിധ കെട്ടിട നിർമാണം അടക്കമുള്ളവ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് സിമന്റ് ക്ഷാമ സാധ്യത കരിനിഴലായത്.
എം സാൻഡ്, പി സാൻഡ് തുടങ്ങിയവയുടെ വിലവർധനയുമായി ബന്ധപ്പെട്ട് ക്വാറി -ക്രഷർ ഉടമകളും ടിപ്പർ ലോറിക്കാരും തമ്മിലുള്ള തർക്കവും പ്രതിഷേധവും നിർമാണ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനു പരിഹാരമായി, ആഴ്ചകൾക്കുശേഷമാണ് സിമന്റ് ക്ഷാമസാധ്യത വന്നുചേർന്നത്. കണ്ണൂർ, മലപ്പുറം ജില്ലകളിൽനിന്ന് ലോറികളിൽ ജില്ലയിലേക്ക് സിമന്റ് എത്തിക്കാമെങ്കിലും കടത്തുകൂലിയിൽ വലിയ ചെലവുണ്ടാകുമെന്നതാണ് പ്രശ്നം.
കല്ലായി, വെസ്റ്റ്ഹിൽ, വടകര ഗുഡ്സ് ഷെഡുകളിലെ സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് എന്നീ വിഭാഗങ്ങളിലെ അഞ്ഞൂറോളം തൊഴിലാളികളാണ് പണിമുടക്ക് തുടരുന്നത്. വാഗണിൽ എത്തുന്ന സിമന്റ് ലോറികളിലേക്ക് കയറ്റി നൽകുന്ന ഇനത്തിൽ തൊഴിലാളികൾക്ക് നൽകുന്ന കൂലിയുമായി ബന്ധപ്പെട്ടുള്ള കരാർ ഒരു വർഷം മുമ്പേ അവസാനിച്ചിരുന്നു. നിലവിൽ ചാക്കൊന്നിന് ആറുരൂപയിൽ താഴെയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇതു വർധിപ്പിക്കാൻ തൊഴിലാളി സംഘടനകൾ സിമന്റ് ഡീലർ അസോസിയേഷനുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെങ്കിലും കൂലി വർധനയിൽ ധാരണയായില്ല.
മറ്റ് ജില്ലകളിലെ കൂലികളടക്കം താരതമ്യപ്പെടുത്തി 60 ശതമാനം വർധനയായിരുന്നു തൊഴിലാളികൾ ആവശ്യപ്പെട്ടത്. ചർച്ചകളിൽ ധാരണയാവാത്തതോടെ പിന്നീട് അസി. ലേബർ ഓഫിസറുടെ സാന്നിധ്യത്തിലും രണ്ടുവട്ടം ചർച്ച നടന്നു. തുടർന്നും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. അവസാനമാണ് ജില്ല ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി 15 ശതമാനം കൂലി വർധനയിൽ ധാരണയായത്. ഫെബ്രുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ കൂലി നൽകാനായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാൽ, കൂലി വർധനയിൽ സിമന്റ് ഡീലേഴ്സ് അസോസിയേഷൻ അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നാണ് തൊഴിലാളികൾ പറയുന്നത്.
ഇതോടെയാണ് മാർച്ച് 11 മുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്. അതിനിടെ വെസ്റ്റ്ഹില്ലിൽ ഞായറാഴ്ചകളിലും രാത്രിസമയങ്ങളിലും ലോഡിറക്കുമ്പോൾ ലഭിക്കുന്ന 30 ശതമാനം ഓവർടൈം കൂലി കുറക്കാനുള്ള ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, തൊഴിലാളികൾ ഇതിനനുകൂലമല്ല. അതിനിടെ കഴിഞ്ഞ ദിവസം കല്ലായിയിൽ 21 വാഗൺ സിമന്റ് എത്തിയിരുന്നു.
തൊഴിലാളി സമരത്തെ തുടർന്ന് ഇറക്കാൻ ആളില്ലാത്തതോടെ ഇതു പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. സർക്കാർ പ്രവൃത്തികളെയും ലൈഫ് പദ്ധതിയിൽ വീടുനിർമിക്കുന്നവരെയും സ്വകാര്യ നിർമാണങ്ങളെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ സിമന്റ് ക്ഷാമം ഉണ്ടാവുമെന്നത് മുൻനിർത്തി ജില്ല കലക്ടർ വിഷയത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നാണ് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.