മാനാഞ്ചിറ ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ വിദ്യാർഥിനികൾ കുത്തിയിരിപ്പ് സമരത്തിൽ
കോഴിക്കോട്: ബദൽ സൗകര്യമൊരുക്കാതെ ഹോസ്റ്റൽ അടച്ചുപൂട്ടിയതിനെതിരെ മാനാഞ്ചിറ ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലെ വിദ്യാർഥിനികൾ പ്രതിഷേധിച്ചു. ഒടുവിൽ താൽക്കാലിക സംവിധാനമൊരുക്കി അധികൃതർ പ്രശ്നം പരിഹരിച്ചു. 24 വിദ്യാർഥിനികളാണ് താമസിക്കാൻ സംവിധാനങ്ങളൊരുക്കിനൽകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോളജ് വരാന്തയിൽ ബാഗും വസ്ത്രങ്ങളുമെല്ലാമായി കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
വൈകീട്ടോടെ കോളജ് അധികൃതരും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും വിദ്യാർഥി പ്രതിനിധികളും നടത്തിയ ചർച്ചയിൽ, നേരത്തെ താൽക്കാലികമായി താമസിച്ച ഫിസിക്കൽ എജുക്കേഷൻ കോളജിന്റെ ഹോസ്റ്റലിൽ വെള്ളിയാഴ്ച വരെ താമസിപ്പിക്കാനും തിങ്കളാഴ്ചയോടെ കോളജിന്റെ പഴയ ഹോസ്റ്റലിലേക്ക് മാറ്റാനും തീരുമാനമായതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കാരപ്പറമ്പ് -ഈസ്റ്റ്ഹിൽ റോഡിലെ ഹോസ്റ്റലിലായിരുന്നു ഇത്രയുംകാലം ഇവരെ താമസിപ്പിച്ചത്. ഈ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്നും അറ്റകുറ്റപ്പണികൾ നടത്താനുണ്ടെന്നും പറഞ്ഞ് ജൂലൈ 17ന് ഇവിടെനിന്ന് വിദ്യാർഥികളോട് ഇറങ്ങാൻ പറഞ്ഞു. താമസത്തിന് മറ്റു സൗകര്യങ്ങൾ ഒരുക്കിനൽകാതെ ഇറക്കിവിടുന്നതിനെതിരെ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന് പരാതി നൽകി. ഇതോടെ ഇവരെ ജൂലൈ 24 മുതൽ വെസ്റ്റ്ഹില്ലിലെ ഫിസിക്കൽ എജുക്കേഷൻ കോളജിന്റെ ഹോസ്റ്റലിലേക്ക് മാറ്റി.
എന്നാൽ, ചൊവ്വാഴ്ച രാവിലെ അവിടെനിന്നും ഒഴിയാൻ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർഥിനികൾ ബാഗുകളും സാധനങ്ങളും പിക്അപ് വാഹനത്തിൽ കയറ്റി കോളജിലെത്തി കോളജ് വരാന്തയിൽ കുത്തിയിരിപ്പ് സമരം തുടങ്ങുകയായിരുന്നു. പരീക്ഷക്കാലമാണെന്നതുപോലും പരിഗണിക്കാതെയാണ് കോളജ് അധികൃതർ ഹോസ്റ്റലിൽനിന്ന് ഇറക്കിവിട്ടതെന്നും ഹോസ്റ്റലിലെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കാൻ കോളജ് അധികൃതർ കാണിച്ച അനാസ്ഥയാണ് പ്രതിസന്ധിയായതെന്നും ഇവർ പറഞ്ഞു. കാസർകോട് മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണ് ഹോസ്റ്റലിൽ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.