ലൈസൻസില്ലാതെ കാറ്ററിങ്; പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അസോസിയേഷൻ

കോഴിക്കോട്: ലൈസൻസില്ലാതെ കേറ്ററിങ് നടത്തുന്ന നിരവധി സ്ഥാപനങ്ങളും വ്യക്തികളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും ആൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബറിൽ തന്നെ കലക്ടർക്കും മേയർക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ഒരു നടപടിയും സ്വീകരിച്ചില്ല. അതിനുശേഷമാണ് ചത്ത കോഴികളെ വിൽപനക്കെത്തിച്ച സ്ഥാപനം പൂട്ടുന്ന സംഭവമുണ്ടായത്. വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുമ്പോൾ അതെങ്ങനെ നൽകാൻ കഴിയുന്നുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത അധികൃതർക്കുണ്ട്.

കോഴി ഫാമുകൾ, വിതരണ വാഹനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവ നിർബന്ധമായും സർക്കാർ നിരീക്ഷണത്തിലാകണം.

ആരോഗ്യ, മൃഗസംരക്ഷണ, ഭക്ഷ്യസുരക്ഷ വകുപ്പുകൾ ഏകോപനമില്ലാതെ പ്രവർത്തിക്കുന്നതാണ് തെറ്റായ പ്രവണതകൾ കൂടിവരാൻ ഇടയാക്കുന്നത്. രാത്രിയിലാണ് ഇതര സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങളിൽ കോഴികളെത്തുന്നത്. ഇതൊന്നും പലപ്പോഴും പരിശോധിക്കപ്പെടുന്നില്ല. ലൈസൻസ്ഡ് കേറ്ററേഴ്സ് മാത്രമുള്ള തങ്ങളുടെ സംഘടനയിൽ 3000ത്തോളം പേരാണ് അംഗങ്ങളായി ഉള്ളത്.

എന്നാൽ, ഈ മേഖലയിൽ 10,000ത്തോളം പേർ പ്രവർത്തിക്കുന്നുണ്ട്. അതിനർഥം 7000ത്തോളം പേർ ലൈസൻസില്ലാതെ, ഒരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്നുവെന്നതാണ്. ഇത് അവസാനിപ്പിക്കാനായി അധികൃതർ ഇടപെടണമെന്നും അസോസിയേഷൻ സംസ്ഥാന ട്രഷറർ ടി.കെ. രാധാകൃഷ്ണൻ, പി. ഷാഹുൽ ഹമീദ്, പ്രേംചന്ദ് വള്ളിൽ, കെ. ബേബി എന്നിവർ ആവശ്യപ്പെട്ടു.

Tags:    
News Summary - catering without license-the association did not take any action despite filing a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.